bus

ലക്‌നൗ: ഉത്തർ പ്രദേശിൽ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. പരിക്കേറ്റ 19പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനൗജ് ജില്ലയിൽ ആഗ്ര- ലക്‌നൗ എക്സ്പ്രസ് വേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. 40 യാത്രക്കാരുമായി ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറി. ലോറി പൂർണമായും തകർന്നു.

ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കുടിവെള്ളം കൊണ്ടുപോകുകയായിരുന്നു ടാങ്കർ ലോറി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. അഞ്ച് മണിക്കൂറിനിടെ യു.പിയിൽ നടന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഇന്നലെ രാവിലെ പ്രയാഗ് രാജിൽനിന്ന് മടങ്ങിവരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് ആറ് പേർ മരിച്ചു.