kinav

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (എസ്.ഐ.ഇ.ടി) പുതുമയാർന്ന രണ്ട് പദ്ധതികൾക്ക് ശനിയാഴ്ച (ഡിസംബർ 07) തുടക്കമാകും. കിനാവ്, ട്രെൻഡ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വകുപ്പ് മന്ത്രി വി.ശിവൻകുട്ടി രാവിലെ 11.30ന് കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കും.

ഗ്രോത്രവിഭാഗത്തിലെ കുട്ടികളെ ദൃശ്യസാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കിനാവ്. ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്സ്, അനിമേഷൻ തുടങ്ങിയ മേഖലകളിൽ നൂറ് കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും.

ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ പ്രാപ്തരായ , സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ പൂൾ ജില്ലാതലത്തിൽ സജ്ജമാക്കുന്ന പദ്ധതിയാണ് ട്രെൻഡ് (ടെക് റെഡി എഡ്യൂക്കേറ്റേഴ്സ് നെറ്റ്വർക്ക് ഇൻ ഡിസ്ട്രിക്ട്സ്). പതിനാല് ജില്ലകളിലും തിരഞ്ഞെടുക്കപ്പെടുന്ന അODധ്യാപകർക്ക് ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ പരിശീലനം നൽകും. ഇവരുടെ സഹായത്തോടെ പാഠഭാഗങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഓരോ ജില്ലയിലേയും ഡയറ്റുകളുടെ നേതൃത്വത്തിൽ വികസിപ്പിക്കും.

ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരിക്കും. കടകംപള്ളി സരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയും പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ് എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.

വാർഡ് കൗൺസിലർ എസ്.ആർ ബിന്ദു, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പ്രമോദ്.പി, എസ്.എസ്.കെ ഡയറക്ടർ ഡോ.സുപ്രിയ എ.ആർ, ഡി.ഡി.ഇ സുബിൻപോൾ എന്നിവരും പങ്കെടുക്കും.