
ന്യൂഡല്‍ഹി: വിമാനക്കമ്പനികള്‍ തോന്നുന്നത് പോലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കാലങ്ങളായി പ്രവാസികള്‍ നേരിടുന്ന പ്രശ്‌നമാണ്. ഇതിന് ഭാരതീയ വായുയാന്‍ വിധേയക് ബില്ല് പരിഹാരമാകുമോയെന്നതാണ് പ്രധാനമായും പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ ചോദിച്ചത്. കേരളത്തില്‍ നിന്നുള്ള വിമാനയാത്രയ്ക്ക് വന്‍ നിരക്ക് ഈടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. ബില്ല് രാജ്യസഭ പാസാക്കി.
വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. രാജ്യസഭയില്‍ വ്യോമയാന ബില്ല് ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തോന്നും പോലെ ഇനി നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷാംഗങ്ങളെല്ലാം ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെയും വിമാനത്താവളത്തിലെ സേവനങ്ങള്‍ക്കുമുള്ള ഉയര്‍ന്ന നിരക്കിനെതിരെയും രൂക്ഷമായ വിമര്‍ശിച്ചു.
ബില്ല് അവതരിപ്പിച്ച് പാസാക്കിയെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബില്ലില്‍ ഒന്നും നിര്‍ദേശിക്കുന്നില്ലെന്ന് സിപിഐ എംപി പി. സന്തോഷ്‌കുമാര്‍ വിമര്‍ശിച്ചു. വിമാനം റദ്ദാക്കിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നത് ബില്ലിലെ ന്യൂനതയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനനിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കു വിമാന ടിക്കറ്റിനു തനിക്ക് 78,000 രൂപ നല്‍കേണ്ടി വന്നുവെന്നു ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. 'ഇതു കുറ്റകൃത്യമാണ്. ഡല്‍ഹിയില്‍ നിന്നു റോമിലേക്ക് 40,000 രൂപ മാത്രമേ വേണ്ടിവന്നുള്ളു. അവധിക്കാലത്ത് ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ്. 75,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. തിരക്കില്ലാത്ത സീസണില്‍ 5,000 രൂപയും' ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി.