
ജയ്പൂർ: ഒരു കിലോ തൂക്കം വരുന്ന സ്വർണ ബിസ്‌ക്കറ്റ്, വെളളി പിസ്റ്റളും വിലങ്ങും,
23 കോടി രൂപ! രാജസ്ഥാനിലെ കൃഷ്ണക്ഷേത്രത്തിൽ എണ്ണിതീർത്തത് റെക്കാഡ് കാണിക്ക.
ചിത്തോർഗഢ് സാൻവാലിയ സേത് ക്ഷേത്രത്തിലാണ് വൻതോതിലുള്ള കാണിക്കകൾ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയത്.
വെള്ളിപ്പൂട്ടുകളും പുല്ലാങ്കുഴലുകളും വെള്ളിയിൽ തീർത്ത കരകൗശല വസ്തുക്കളും അനവധി സ്വർണ നാണയങ്ങളുമെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. റെക്കോഡ് കളക്ഷൻ ആണെന്നും ഞെട്ടിച്ചെന്നും ക്ഷേത്രഭാരവാഹികൾ പറയുന്നു.
രണ്ടുമാസം ഇടവിട്ട് മൂന്ന് ഘട്ടമായാണ് ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയത്. ആദ്യഘട്ടത്തിൽ 11. 34 കോടിയും രണ്ടാം ഘട്ടത്തിൽ 3.60 കോടിയും മൂന്നാം ഘട്ടത്തിൽ 4.27 കോടിയും എണ്ണി. ബാക്കി തുക ഓൺലൈൻ സംഭാവനയായും ലഭിച്ചു.
എല്ലാ അമാവാസി ദിനത്തിലും ഭണ്ഡാരങ്ങൾ തുറന്ന് കാണിക്ക എണ്ണാൻ തുടങ്ങുന്നതാണ് ഇവിടുത്തെ രീതി. കാണിക്കയുടെ കനം അനുസരിച്ച് പല ഘട്ടങ്ങളായി പൂർത്തിയാക്കും.
വൈഷ്ണവ ഭക്തരുടെ പ്രധാന ആരാധനാലയമാണ് സാൻവാലിയ സേത് ക്ഷേത്രം. 1840ൽ ഭോലാറാം ഗുജ്ജർ എന്ന പാൽക്കാരന്റെ സ്വപ്നത്തിൽ, മൂന്നു കൃഷ്ണവിഗ്രഹങ്ങൾ അടക്കം ചെയ്യപ്പെട്ട സ്ഥാനം വെളിപ്പെട്ടു. സ്ഥലങ്ങൾ കുഴിച്ചുനോക്കിയപ്പോൾ കൃഷ്ണവിഗ്രഹങ്ങൽ കണ്ടെത്തുകയും മൂന്ന് സ്ഥലങ്ങളിലായി പ്രതിഷ്ഠിക്കുകയും ചെയ്തു. അതിലൊന്നാണ് ഈ ക്ഷേത്രം.