
ബുക്കാറസ്റ്റ്: റൊമേനിയയിൽ നവംബർ 24ന് നടന്ന ഒന്നാം റൗണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം റദ്ദാക്കി ഭരണഘടനാ കോടതി. റഷ്യയുടെ ഇടപെടലുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നാളെ രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ നിർണായക പ്രഖ്യാപനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ആദ്യം മുതൽ നടത്താനും നിർദ്ദേശിച്ചു. പുതുക്കിയ തീയതികൾ ഉടൻ പ്രഖ്യാപിക്കും. നിലവിലെ പ്രസിഡന്റ് ക്ലൗസ് യോഹാന്നിസിന്റെ കാലാവധി ഈ മാസം 21ന് അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ഇതിന് ശേഷം ആര് രാജ്യം ഭരിക്കുമെന്നതിലും വ്യക്തതയില്ല. കോടതി വിധി ശക്തമായ പ്രതിഷേധങ്ങൾക്കും വഴിവയ്ക്കും.ഒന്നാം റൗണ്ടിൽ സ്ഥാനാർത്ഥികളാരും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. എന്നാൽ, ഏവരെയും ഞെട്ടിച്ച് തീവ്ര ദേശീയ വാദിയും റഷ്യൻ അനുഭാവിയുമായ കലിൻ ജോർജസ്‌ക്യു (62) ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിലെത്തി. സർവേകളിലും മറ്റും ഏറ്റവും പിന്നിലായിരുന്നു ജോർജസ്‌ക്യു. നാളെ നടക്കേണ്ടിയിരുന്ന രണ്ടാം റൗണ്ടിൽ എതിരാളിയായ എലേന ലാസ്കോണിയേക്കാൾ മുൻതൂക്കം ഇദ്ദേഹത്തിനായിരുന്നു.
ടിക്ക്ടോക്ക് അടക്കം സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജോർജസ്‌ക്യുവിന്റെ പ്രചാരണം. ജോർജസ്‌ക്യുവിനായി വിദേശ ശക്തിയുടെ സംഘടിതമായ പ്രചാരണം നടക്കുന്നുണ്ടെന്ന് റൊമേനിയൻ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈബർ കടന്നുകയറ്റമുണ്ടായെന്നും റിപ്പോർട്ടുണ്ട്.
ജോർജസ്‌ക്യു അനധികൃതമായി പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ജോർജസ്‌ക്യു ഇത്തരം ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ വിമർശകനായ ജോർജസ്‌ക്യു അധികാരത്തിലെത്തിയാൽ യുക്രെയിന് നൽകുന്ന എല്ലാ സഹായവും നിറുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.