hotel-food

തിരുവനന്തപുരം: 'ഹോട്ടല്‍ ഭക്ഷണത്തിന് തീവിലയാണ്. സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ ഭക്ഷണത്തിന് വില കൂട്ടുന്ന ഇവര്‍ വില കുറയുമ്പോള്‍ നിരക്ക് കുറയ്ക്കാത്തത് എന്താണ്? ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ?' ഏതെങ്കിലും ഹോട്ടലില്‍ ഭക്ഷണത്തിന് മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് വില കൂടുതലാണെങ്കില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ബില്ല് സഹിതം പങ്കുവയ്ച്ച് സാധാരണയായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഹോട്ടലുകള്‍ക്ക് ഏകീകൃതമായി ഒരു നിരക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന വസ്തുത പലര്‍ക്കും അറിയില്ല.

'ചായക്ക് 14 രൂപ, കാപ്പിക്ക് 15 രൂപ, ബ്രൂ കാപ്പിക്ക് 30 രൂപ, പൊറോട്ടയ്ക്ക് 15 രൂപ'. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ പേരും ലോഗോയും ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന ഒരു പോസ്റ്ററിലെ വിലവിവര പട്ടികയാണിത്. എന്നാല്‍ ഇത്തരത്തിലൊരു പോസ്റ്ററിനും അതില്‍ പറഞ്ഞിരിക്കുന്ന വില നിശ്ചയിച്ചിരിക്കുന്നതുമായി അസോസിയേഷന് യാതൊരു ബന്ധവും ഇല്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ഇത്തരമൊരു പോസ്റ്റര്‍ പ്രചരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍ ഭക്ഷണത്തിന് തോന്നിയപോലെ വില കൂട്ടുകയാണെന്നും ഇത് കൊള്ളയാണെന്നും ആരോപിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ അധിക്ഷേപം വര്‍ദ്ധിച്ചതോടെയാണ് അസോസിയേഷന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുള്ളതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഓരോ ഹോട്ടലിലെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതു നിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വെച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും നിയമമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.