desert

റിയാദ്: ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗള്‍ഫിലെ മണലാരണ്യങ്ങളില്‍ സജീവമായിരുന്നുവെങ്കിലും 1900കളുടെ തുടക്കത്തില്‍ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടതിന് ശേഷം ഇപ്പോഴിതാ സൗദി അറേബ്യയിലെ മണലാരണ്യങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പേര്‍ഷ്യന്‍ ഓഗണര്‍ അതവാ പേര്‍ഷ്യന്‍ കാട്ടുകഴുത. വന്യജീവി സംരക്ഷണത്തിന്റെയും പുനരധിവാസത്തിന്റെയും ഭാഗമായാണ് ഈ പ്രധാന മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വ് ഡെവലപ്‌മെന്റ് അതോറിറ്റിയും ജോര്‍ദാനിലെ റോയല്‍ സൊസൈറ്റ് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും സഹകരിച്ചാണ് ഈ നേട്ടം സാധ്യമാക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഏഴ് പേര്‍ഷ്യന്‍ കാട്ടുകഴുതകളെയാണ് ജോര്‍ദാനിലെ ഷുമാരി വന്യജീവി സങ്കേതത്തില്‍ നിന്ന് റോയല്‍ റിസര്‍വില്‍ എത്തിച്ചത്. പുതിയ പരിസ്ഥിതിയുമായി കാട്ടുകഴുതകള്‍ ഇണങ്ങി ചേരുകയും പ്രജനനം നടത്തി ആദ്യ കുട്ടിയെ പ്രസവിക്കുകയും ചെയ്തതോടെയാണ് 100 വര്‍ഷങ്ങള്‍ക്കിപ്പുറം പേര്‍ഷ്യന്‍ കാട്ടുകഴുതകളുടെ വംശം സൗദിയുടെ മണ്ണില്‍ ഉടലെടുത്തത്.

ഒരുകാലത്ത് സിറിയന്‍ കാട്ടുകഴുതകളുടെ ആവാസകേന്ദ്രമായിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ സല്‍മാന്‍ റോയല്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് വരെ ഇവിടെ കാട്ടുകഴുതകളുണ്ടായിരുന്നുവെന്നാണ് ചരിത്രത്തിലെ രേഖപ്പെടുത്തലുകള്‍. പിന്നീട് ഇവയ്ക്ക് വംശനാശം സംഭവിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് സ്വതന്ത്രമായി വിഹരിക്കുന്ന ഓണഗറുകളെ സൗദിയില്‍ കാണപ്പെടുന്നതെന്നും ലോകത്തില്‍ തന്നെ ഇവ ആകെ 600 എണ്ണത്തില്‍ താഴെയേ അവശേഷിക്കുന്നുള്ളൂയെന്നും കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് സിഇഒ ആന്‍ഡ്രൂ സലൂമിസ് പറഞ്ഞു.