vattiyoorkkav-jn

തിരുവനന്തപുരം: കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം ഉടന്‍ ആരംഭിക്കും. മൂന്ന് റീച്ചുകളിലായിട്ടാണ് നിര്‍മ്മാണം. ഒന്നാം റീച്ചില്‍ ഏറ്റെടുത്ത പ്രദേശത്തെ 220 നിര്‍മ്മിതികള്‍ ഉടന്‍ പൊളിച്ചുനീക്കും.റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളും സ്വീകരിക്കും. വട്ടിയൂര്‍ക്കാവില്‍ പുനഃരധിവാസ പദ്ധതിക്കായി 2.15 ഏക്കര്‍ സ്ഥലമേറ്റെടുക്കുന്നതിനുമാത്രം 89 കോടിയാണ് ചെലവിട്ടത്.

ഇവിടെ ട്രിഡയേറ്റെടുത്ത സ്ഥലത്തെ നിര്‍മ്മിതികള്‍ പൊളിച്ച് നീക്കിക്കഴിഞ്ഞു. ഭരണാനുമതിക്കായി ഡി.പി.ആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്.അനുമതികള്‍ ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ പുനഃരധിവാസ പദ്ധതിയുടെ കെട്ടിടം പണി തുടങ്ങും.ഇവിടെയുള്ള ബാക്കി സ്ഥലത്ത് കടക്കാരുടെ പുനഃരധിവാസം,ഷോപ്പിംഗ് കോംപ്ലക്‌സ്,ഓഫീസ് സ്‌പേസ്,പാര്‍ക്ക്,തിയേറ്റര്‍,മീറ്റിംഗ് സ്ഥലം,ടോയ്ലെറ്റ് സംവിധാനങ്ങളും വരും.


റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടമാകുന്ന വട്ടിയൂര്‍ക്കാവ് ഗവ.എല്‍.പി.എസിന് സി ആപ്ടിന് എതിര്‍വശത്തെ ബ്ലോക്ക് ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന എന്‍.ഇ.എസ് കോമ്പൗണ്ടിലെ 70സെന്റ് സ്ഥലത്ത് നിന്ന് 50സെന്റ് അനുവദിച്ചു. കെട്ടിട നിര്‍മ്മാണത്തിന് പ്രാഥമികമായി വി.കെ.പ്രശാന്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 76 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ഥലം വിട്ടുനല്‍കിയശേഷം സ്‌കൂള്‍ കോമ്പൗണ്ടില്‍ അവശേഷിക്കുന്ന 11 സെന്റ് സ്ഥലത്ത് എന്‍.ഇ.എസ് ബ്ലോക്ക് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി കെട്ടിടം നിര്‍മ്മിക്കും. ഇതിനായി 2024-25 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി വകയിരുത്തിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ട 600ഓളം കടക്കാരില്‍ 60 പേര്‍ മാത്രമാണ് ഇനി നഷ്ടപരിഹാരം വാങ്ങാനുള്ളത്. കട വേണമെന്ന് പറഞ്ഞവര്‍ക്ക് പുതിയ പുനഃരധിവാസ കേന്ദ്രത്തില്‍ വാടകയിളവുകളോടെ കട നല്‍കുന്നതിനും കരാറായിട്ടുണ്ട്.


കിഫ്ബിയുടെ പദ്ധതികളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനഃരധിവാസം ഉറപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതി

പദ്ധതിച്ചെലവ് - 823 കോടി

ആകെ റോഡ് - 10.825 കി.മീറ്റര്‍ ദൂരം

വീതി - 18.5 മീറ്റര്‍

ഒന്നാം റീച്ച് - ശാസ്തമംഗലം മുതല്‍ പേരൂര്‍ക്കട വരെ, 3.85 കി.മീറ്റര്‍

രണ്ടാം റീച്ച് - മണ്ണറക്കോണം മുതല്‍ പേരൂര്‍ക്കട വരെ, 3.25 കി.മീറ്റര്‍

മൂന്നാം റീച്ച് - മണ്ണറക്കോണം-നെട്ടയം-മുക്കോല-വഴയില, 3.8 കി.മീറ്റര്‍


പദ്ധതി രണ്ട് ഭാഗങ്ങളായി

1) വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്

2) ഒഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിന്.

രണ്ട് നിര്‍വഹണ ഏജന്‍സികള്‍

കേരള റോഡ് ഫണ്ട് ബോര്‍ഡ്, ട്രിഡ