
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താൻ സർക്കാർ നീക്കമെന്ന് സംശയം. ഗോപാലകൃഷ്ണൻ പൊലീസിൽ വ്യാജ പരാതി നൽകിയതടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ ഒഴിവാക്കിയാണ് ചാർജ് മെമ്മോ തയ്യാറാക്കിയിരിക്കുന്നത്.
ഐ എ എസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കിയെന്ന് മാത്രമാണ് മെമ്മോയിൽ ഉള്ളത്. ഗോപാലകൃഷ്ണൻ മുസ്ലീം ഗ്രൂപ്പുണ്ടാക്കിയതിനെക്കുറിച്ചോ, ഇതിന്റെ സ്‌ക്രീൻഷോട്ടോ ഒന്നും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് മെമ്മോ നൽകിയത്. മെമ്മോയ്ക്ക് 30 ദിവസത്തിനുള്ളിൽ കെ. ഗോപാലകൃഷ്ണൻ മറുപടി നൽകണം. ഐ എ എസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കൊണ്ടാണ് അടുത്തിടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. 'മല്ലു ഹിന്ദു ഓഫീസേഴ്സ്' എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഇതിലെ അംഗങ്ങളായിരുന്നു. വിവാദമായതിന് പിന്നാലെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റാക്കി.
അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു അത്. ഫോണിൽ ഉള്ള നമ്പറുകൾ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടൻ ഫോൺ മാറ്റുമെന്നുമായിരുന്നു ഗോപാലകൃഷ്ണൻ സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്. കൂടാതെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.