rice

വെള്ളത്തിൽ അരിയിട്ടുവച്ചാൽ നിമിഷങ്ങൾ കൊണ്ട് ചോറ് തയ്യാറാക്കാം. കേൾക്കുമ്പോൾ ആദ്യം കള്ളമാണെന്ന് തോന്നാം. പക്ഷേ, സത്യമാണ്. 'മാജിക്കൽ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് ഉപയോഗിച്ച് ചോറുണ്ടാക്കിയാൽ നിങ്ങളും അതിശയിക്കും. ഈ നെല്ലിനം ഇപ്പോഴിതാ പാലക്കാട്ടും വിളഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27ഓളം നെല്ലിനങ്ങൾ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ് അഗോനിബോറയും കതിരിട്ടത്.

പടിഞ്ഞാറൻ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തിൽ അരിയിട്ട് അടച്ചുവച്ചാൽ 30 - 45 മിനിട്ടുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കിൽ വെറും 15 മിനിട്ട് മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്‌ക്ക് അനുകൂലമായിരുന്നു എന്നാണ് അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്‌സൺ ദീപ സുബ്രഹ്മണ്യൻ, എംഡി വിശ്വനാഥൻ എന്നിവർ പറഞ്ഞത്. ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി.

അസമിൽ നിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച് 20 ദിവസങ്ങൾക്ക് ശേഷമാണ് നട്ടത്. നടുന്നതിന് മുമ്പ് ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. കീടശല്യം ഉണ്ടായപ്പോൾ വേപ്പെണ്ണ ഉൾപ്പെടെയുള്ള ജൈവകീടനാശിനികൊണ്ടാണ് പ്രതിരോധിച്ചത്. ഈ നെല്ലിനത്തിന് വെള്ളം കുറച്ച് മതി.

മൂന്നടിവരെ ഉയരത്തിൽ ചെടി വളരും. 100 മുതൽ 110 ദിവസംകൊണ്ട് കതിരിടും. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റിൽ നിന്ന് 170 കിലോ നെല്ല് ലഭിച്ചു. 50 - 60 ഡിഗ്രി ചൂടിൽ രണ്ട് തവണയായി വേവിച്ചെടുത്ത ശേഷമാണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.

പ്രകൃതിദുരന്ത സമയത്തും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ഉൾപ്പെടെ പാചകം ചെയ്യാതെതന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.