
ഗുരുവായൂർ എന്നാൽ ഗുരുവായൂർ ക്ഷേത്രമെന്നേ ആരും ആദ്യം ഓർക്കൂ. പ്രതിവർഷം മൂന്നുകോടിയിലേറെ ഭക്തർ. വർഷം മുഴുവൻ തീർത്ഥാടകരുടെ തിരക്ക്. എന്നും ഉത്സവച്ഛായയുളള ദക്ഷിണേന്ത്യയിലെ അപൂർവ്വ ദേവാലയമാകുന്നു ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. പതിറ്റാണ്ടുകളോളമായി ഗുരുവായൂരപ്പന്റെ ഭക്തകുസുമങ്ങളായി പരിലസിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളുണ്ട്. അവരിലൊരാൾ മാത്രമല്ല ജി.കെ.പ്രകാശ് എന്ന ഗുരുവായൂരിന്റെ പ്രകാശ് സ്വാമി. ഗുരുവായൂരിന്റെ ഓരോ ചലനങ്ങളിലും അദ്ദേഹത്തിന്റെ ഒരു സ്പർശമുണ്ട്. ഗുരുവായൂരിന്റെ ആദ്ധ്യാത്മികവും വ്യാവസായികവും ഭൗതികവുമായ പുരോഗതിയ്ക്ക് ഒരു പ്രകാശനാളമായി സ്വാമി, ഒരു വിളക്കും പിടിച്ച് മുൻപേ നടന്നു. 
കാലം ഡിജിറ്റൽ യുഗവും കടന്ന് കുതിയ്ക്കുമ്പോൾ ആധുനിക ഗുരുവായൂരിനു വേണ്ടതെന്തെന്ന് അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഗുരുവായൂരിന്റെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. നിരവധി വേദികളിൽ അത് അടിവരയിട്ട് പറയാറുമുണ്ട്. ഗുരുവായൂരിൽ ഓരോദിവസവും തിരക്ക് കൂടി വരുന്നതാൽ അമ്പതു വർഷം മുന്നിൽ കണ്ട് സമഗ്രമായ മാസ്റ്റർ പ്ലാൻ വേണമെന്നാണ് സ്വാമിയുടെ പക്ഷം. ഗുരുവായൂർ വരും കാലങ്ങളിൽ എന്താകണമെന്ന് അദ്ദേഹത്തിന് ആധികാരികമായി തന്നെ പറയാനാകും. അതിന് കാരണമുണ്ട്.
ഗുരുവായൂരപ്പനിലുള്ള
ആത്മസമർപ്പണം
ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം പ്രാപിച്ചതിനു ശേഷം ചിതയിൽ ചാടി മരിച്ച ധർമ്മപത്നി. ശ്രീകൃഷ്ണരാജ്യമായ ദ്വാരകയിലെ രാജ്ഞി. ഐശ്വര്യദേവതയായ ലക്ഷ്മിയുടെ അവതാരം. അതാകുന്നു രുഗ്മിണി. ആ നാമം ഗുരുവായൂരിൽ പ്രശസ്തമാണ്. രുഗ്മിണി റീജൻസി എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുളള ഗുരുവായൂരപ്പന്റെ തിരുസന്നിധിയ്ക്കു മുമ്പിലുളള വെറുമൊരു റീജൻസിയല്ല. 
ഭക്തർക്ക് അതൊരു ആദ്ധ്യാത്മികതയുടെ പരിവേഷമുളള താമസസ്ഥലമാണ്. അതിനും കാരണമുണ്ട്.രുഗ്മിണി റീജൻസിയുടെ സാരഥി ജി.കെ.പ്രകാശ് സ്വാമി, എല്ലാ മുപ്പെട്ട് വ്യാഴാഴ്ചയും ഗുരുവായൂരപ്പനു മുൻപിൽ സാമ്പ്രദായികഭജന നടത്തുന്നു. ആ ആത്മസമർപ്പണം 44 വർഷം പിന്നിടുകയാണ്, ഒരാഴ്ച പോലും മുടങ്ങാതെ. അതുകൊണ്ടുകൂടിയാണ് രുഗ്മിണി റീജൻസിയ്ക്ക് ആദ്ധ്യാത്മികപരിവേഷം ചാർത്തുന്നതെന്ന് ഭക്തർ വിശ്വസിക്കുന്നത്.
ജി.ജി കൃഷ്ണയ്യരുടേയും ജി.കെ. രുഗ്മിണിയമ്മയുടേയും മകനായി ഗുരുവായൂർ ചാക്യാർ പറമ്പിൽ ഗോപാൽ നിവാസിൽ (ഇന്നത്തെ ശ്രീലക്ഷ്മി നിവാസ്) ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1956 ൽ രാമകൃഷ്ണ ലഞ്ച് ഹോം ജി.ജി കൃഷ്ണയ്യർ തുടങ്ങിയിരുന്നു. ആ ലഞ്ച് ഹോം ഗുരുവായൂരിന്റെ മുഖമുദ്രയായി. 1978 ലാണ് കൃഷ്ണയ്യർ, ഭാര്യയുടെ പേരിൽ രുഗ്മിണി കല്യാണമണ്ഡപം തുടങ്ങുന്നത്. പതിനായിരക്കണക്കിന് കല്യാണങ്ങൾക്ക് ആതിഥ്യമരുളിയ രുഗ്മിണി മണ്ഡപവും പേരെടുത്തു. 1988 ൽ അച്ഛനും 1999ൽ അമ്മയും മരിച്ചതിനു ശേഷം, 1999 ൽ സഹോദരങ്ങളായ ജി.കെ ഗോപാലകൃഷ്ണൻ, ജി.കെ രാമകൃഷ്ണൻ, ജി.കെ രാജൻ എന്നിവരോട് ചേർന്നാണ് ജി.കെ.പ്രകാശ് രുഗ്മിണി റീജൻസിയ്ക്ക് തുടക്കമിടുന്നത്. പിന്നീട് ക്ഷേത്രത്തിൽ ഭക്തർ കൂടിവരുന്നതുപോലെത്തന്നെ റീജൻസിയിലും കൂടിവന്നു. അടുത്തകാലത്ത് ജി.ജി. ഫുഡ്സ് എന്ന പേരിൽ ചപ്പാത്തി നിർമ്മാണവിതരണ കമ്പനിയും സഹോദരന്റെ മകനോടൊപ്പം തുടങ്ങി. ഇനി ബ്രഡ് നിർമ്മാണത്തിലും സജീവമാകുകയാണ്.
ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഡിഗ്രി പാസായ ശേഷം അച്ഛനും സഹോദരങ്ങൾക്കുമൊപ്പം ബിസിനസിലായിരുന്നു ശ്രദ്ധ. അതേസമയം തന്നെ ആദ്ധ്യാത്മിക, സാമൂഹ്യസാംസ്കാരിക മേഖലയിലും സാമുദായിക പ്രവർത്തനങ്ങളിലും പ്രകാശ് സ്വാമി സജീവമായി. ഗുരുവായൂർ ബ്രാഹ്മണ സമൂഹമഠം സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ കേരള ബ്രാഹ്മണ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. 2000 ൽ ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയായി. ഇപ്പോൾ ഗുരുവായൂർ ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്. 2010 ൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി. സംസ്ഥാന ഉപദേശക സമിതി അംഗമായി ഇപ്പോഴും അസോസിയേഷന്റെ ഭാഗമാണ്. ഗുരുവായൂർ മർച്ചൻസ് അസോസിയേഷൻ ഭരണസമിതി അംഗവും ശ്രീരഞ്ജിനി സംഗീതസഭാ സെക്രട്ടറിയുമാണ്. 1995ൽ ഗുരുവായൂർ നഗരസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചിരുന്നു. 2004 കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിലേക്കും മത്സരിച്ചു.
മമ്മിയൂരപ്പന്റെ 
സേവകൻ
2011 ൽ മമ്മിയൂർ ദേവസ്വം ചെയർമാനായി ചുമതലയേറ്റ അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങൾ ആ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇടം കുറിക്കുന്നതാണ്. നാലു തവണ ചെയർമാനായതും ആ പ്രവർത്തനമികവ് പരിഗണിച്ചു കൊണ്ടു തന്നെ. ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതു പോലെ ദിവസവും മമ്മിയൂരിലും അദ്ദേഹമെത്തും. പാർവ്വതി ദേവിയോടൊപ്പം ശിവനെ ആരാധിക്കുന്ന മമ്മിയൂർ ക്ഷേത്രം സന്ദർശിക്കാതെ ഗുരുവായൂരപ്പൻ ക്ഷേത്രദർശനം പൂർത്തിയാകില്ലെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഗുരുവായൂർ തീർഥാടന വേളയിൽ ഭൂരിഭാഗം ഭക്തരും ഇവിടെ എത്താറുണ്ട്. ഇവിടുത്തെ രുദ്രതീർത്ഥം നവീകരിച്ചതും 30 മുറികളുളള കോംപ്ലക്സ് നിർമ്മിച്ചതും ഓഡിറ്റോറിയം നവീകരിച്ചതും പാർക്കിംഗ് സൗകര്യം വിപുലമാക്കിയതുമെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.  ഇനിയും ഒരു കോംപ്ലക്സ് കൂടി പണിയുന്നുണ്ട്. നവരാത്രി മണ്ഡപം നിർമ്മാണം പൂർത്തിയാക്കി. ചെമ്പോല മേയുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.
ലോഡ്ജുകളുടെ കേന്ദ്രം,
 സ്വാമിയുടെ നിർദ്ദേശങ്ങൾ
170 ലേറെ ലോഡ്ജുകൾ ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റുമുണ്ട്. കുറഞ്ഞവിസ്തൃതിയിൽ ഇത്രയും ലോഡ്ജുകളുളള നഗരം രാജ്യത്ത് തന്നെ അപൂർവ്വമാണ്. അതെല്ലാം മുന്നിൽകാണണമെന്ന് അദ്ദേഹം പറയുന്നു. 
നിർമ്മാണം നടക്കുന്ന തീരദേശ നാഷണൽ ഹൈവേയുമായി ബന്ധപ്പെടാവുന്ന ഒരു പാത ഗുരുവായൂരിൽ നിന്നും കൊച്ചിസേലം നാഷണൽ ഹൈവേയിലെ മണ്ണുത്തിയിലേക്ക് നടപ്പായാൽ അത് തീർത്ഥാടകർക്ക് അനുഗ്രഹമാകും. ഗുരുവായൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് റെയിൽവേ പാതയും അനിവാര്യം. ഒരു റെയിൽവേ ഓവർബ്രിഡ്ജിനുളള ശ്രമം കൂടി തുടങ്ങേണ്ടതുണ്ട്. കുന്നംകുളം ചാവക്കാട് പാതയിൽ മമ്മിയൂരിൽ ഒരു ഫ്ളൈ ഓവറുണ്ടായാൽ ഗതാഗതത്തിരക്ക് വീണ്ടും കുറയും. ഗുരുവായൂരിൽ ഇലക്ട്രിക്കൽ കേബിളുകളും ചാനൽ കേബിളുകളും റോഡുകൾക്കു മീതേ നിരവധിയുണ്ട്. അതെല്ലാം ഭൂഗർഭവഴിയിലൂടെയാക്കണം. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ നവീകരണവും ഉറപ്പാക്കേണ്ടതുണ്ട്. ദേവസ്വത്തിന്റെ കീഴിലുളള ശ്രീകൃഷ്ണ കോളേജ് കേന്ദ്രീകരിച്ച് കാലാനുസൃതമായ ആധുനിക കോഴ്സുകൾ തുടങ്ങാൻ കഴിയണം. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും അയ്യപ്പഭക്തർക്കും മറ്റും വിശ്രമിക്കാനും ഭക്ഷണം പാചകം ചെയ്യാനും വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനുമായി ഒരു പ്രത്യേക ഗ്രൗണ്ട് തന്നെ ഒരുക്കണം. കുടിവെള്ളം ശുദ്ധമാക്കേണ്ടതുണ്ട്. ഇതിനായി കൃത്രിമതടാകം തന്നെ നിർമ്മിക്കണം. ശുദ്ധജലവിതരണം വാട്ടർഅതോറിറ്റിയും ഉറപ്പാക്കുകയും വേണം. അഴുക്കുചാൽ പദ്ധതിയും കൂടുതൽ കാര്യക്ഷമമാക്കണം.
ശ്രീകൃഷ്ണചരിതം 
തീംപാർക്ക്
ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുളള ജീവിതകഥയുടെ വീഡിയോ തീം പാർക്കിലൂടെ കാണാനായാൽ തീർത്ഥാടകർക്ക് അതൊരു വലിയ അനുഭവമാകും. തിരുപ്പതി, മൂകാംബിക, മധുര, രാമേശ്വരം തുടങ്ങിയ തീർത്ഥാടകേന്ദ്രങ്ങളിലേക്ക് സ്ഥിരം ബസ് സർവീസുകളും ഭക്തരുടെ ആവശ്യമാണ്. ചെറുവിമാനത്താവളത്തിനും ഹെലിപ്പാഡിനുമുളള സാദ്ധ്യതയും പഠിക്കേണ്ടതുണ്ട്. കദളി, മുല്ല, തെച്ചി, തുളസി, താമര എന്നിവ കൃഷി ചെയ്താൽ ഗുരുവായൂർ ദേവസ്വത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
മെഡിക്കൽ കോളേജും അനിവാര്യം
തിരുത്തിക്കാട് പന്ത്രണ്ടേക്കറോളം സ്ഥലം ദേവസ്വത്തിനുണ്ട്. മെഡിക്കൽ കോളേജിന് സമാനമായ സൗകര്യങ്ങളോടെയെങ്കിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അനിവാര്യമാണ്. 70,000 ലേറെ മാത്രമാണ് ഗുരുവായൂർ നഗരസഭയിലെ ജനസംഖ്യ. അതിനേക്കാൾ എത്രയോ ഇരട്ടിയാണ് ദർശനം തേടിയെത്തുന്ന ഭക്തർ. അവരിൽ ഭൂരിഭാഗം വൃദ്ധജനങ്ങളുമുണ്ട്. അതിനാൽ ആയുർവേദചികിത്സയുടേയും പാലിയേറ്റീവ് ചികിത്സയുടേയും സാദ്ധ്യതകൾ വലുതാണ്. 
വാതരോഗബാധിതനായി ക്ളേശിച്ചിരുന്ന മേൽപ്പത്തൂർ നാരായണഭട്ടതിരി ഗുരുവായൂരിൽ ഭജനമിരുന്നതും നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചതോടെ അദ്ദേഹത്തിന്റെ വാതരോഗം ശമിച്ചു എന്ന വിശ്വാസം എല്ലാവർക്കും അറിവുളളതാണ്. തമിഴ്നാട്ടിലെ പ്രശസ്തനായ ഒരു ബ്രാഹ്മണനായ ഭാഗവതോത്തമൻ ശേങ്കാലിപുരം അനന്തരാമ ദീക്ഷിതർ  രോഗശമനത്തിന്റെ അനുഭവം വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. 
ദിനംപ്രതി കൂടി വരുന്ന ഭക്തരെ കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഒരു ആയുർവേദ പ്രാഥമികചികിത്സാ സെന്റർ അനിവാര്യമാണെന്ന ആവശ്യം ഭക്തരിൽ നിന്ന് ഏറെക്കാലമായി ഉയർന്നുവരുന്നുണ്ട്. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലുളളവർക്കെല്ലാം കേരളീയ ആയുർവേദത്തോട്, പ്രത്യേകിച്ച് ഗുരുവായൂരിലെ ചികിത്സയോട് സവിശേഷമായ ആഭിമുഖ്യവുമുണ്ട്. 
നിലവിൽ ദേവസ്വത്തിന്റെ കീഴിലും സമീപസ്ഥലങ്ങളായ തൈക്കാടും പൂക്കോടും ആയുർവേദ പ്രാഥമികാരോഗ്യങ്ങളുമുണ്ടെങ്കിലും അത് ഭൂരിഭാഗവും തദ്ദേശീയർ മാത്രം ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അവിടങ്ങളിൽ ചികിത്സാസൗകര്യങ്ങളും ജീവനക്കാരും പരിമിതമാണ്. അവിടുത്തെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനും പ്രത്യേകിച്ച് തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കുമായി ചികിത്സ ലഭ്യമാക്കാനും കിടത്തിചികിത്സയുളള ആയുർവേദകേന്ദ്രം തുടങ്ങിയാൽ സാദ്ധ്യമാകും.
പ്രകാശം പരത്തുന്ന ആദ്ധ്യാത്മിക മുഖം
1980 മുതൽ എല്ലാ മുപ്പെട്ടു വ്യാഴാഴ്ചയും സാമ്പ്രദായികഭജന നടത്തുന്ന അദ്ദേഹത്തിന്റെ ഭജനസംഘത്തിൽ ഒരു ഡസനോളം ഭക്തരുണ്ട്. രാത്രി 9.30 വരെയാകും ഭജന. ഭജനാലാപന രംഗത്തെ സവിശേഷമായ സാന്നിദ്ധ്യമായതിനാൽ   തന്നെ സംഗീതജ്ഞൻ ദക്ഷിണാമൂർത്തിയാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചത്. ഒ.കെ.ആർ മേനോൻ ട്രസ്റ്റിന്റെ, വ്യാപാരമേഖലയിലെ മികവനുളള പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഗുരുവായൂരപ്പനിലേക്കുളള അദ്ദേഹത്തിന്റെ യാത്രയിൽ കുടുംബവും ഒപ്പമുണ്ട്. ഭാര്യ പ്രേമയും ഗുരുവായൂരപ്പഭക്തയാണ്. മൂത്തമകൾ രുഗ്മിണിയും ഭർത്താവ് അനന്തകൃഷ്ണനും ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. ഇളയ മകൾ ഡോ. പൂർണിമ എം. ബി. ബി. എസ് കഴിഞ്ഞ് എം. ഡിക്ക് പഠിക്കുന്നു. മരുമകൻ കൃഷ്ണനാഥും ചാർട്ടേഡ് അക്കൗണ്ടന്റാണ്.