
ദുബായ്: പ്രവാസികൾ ഏറ്റവും കൂടുതൽ സുരക്ഷിതരായി ജീവിക്കുന്നത് എവിടെയാണെന്ന് നിങ്ങൾ ഒരു തവണയെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ചോദ്യത്തിന് ഉത്തരമായി എത്തിയിരിക്കുകയാണ് ഒരു സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ. ലെയ്‌ല അഫ്‌ഷോങ്കർ എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദുബായിലെ തിരക്കേറിയ പ്രദേശത്ത് നിന്നുളളതാണ് വീഡിയോ.
ദുബായ് സുരക്ഷിതമാണോയെന്ന് യുവതി വീഡിയോയിൽ ചോദിക്കുന്നുണ്ട്. ലെയ്‌ല ധരിച്ചിരുന്ന ആഭരണങ്ങൾ നീല നിറത്തിലുളള ബിഎംഡബ്യൂ കാറിന്റെ ബോണറ്റിൽ വയ്ക്കുന്നതും കാണാം. ശേഷം യുവതി തൊട്ടടുത്തുളള ഒരു ജുവലറി ഷോപ്പിൽ കയറി കാറിനരികിലൂടെ കടന്നുപോകുന്നവരെ നിരീക്ഷിക്കുകയാണ്. അരമണിക്കൂറോളം യുവതി ആളുകളെ നിരീക്ഷിച്ചു. അതിനിടയിൽ മറ്റൊരു യുവതി കാറിനരികിൽ എത്തി. നിലത്ത് കിടന്ന ഒരു ആഭരണം എടുത്ത് സുരക്ഷിതമായി കാറിന്റെ ബോണറ്റിൽ വച്ചിട്ട് അതുവഴി കടന്നുപോയി. ഇത് ലെയ്‌ലയെ അമ്പരപ്പിച്ചു. ദുബായ് എത്ര സുരക്ഷിതമാണെന്ന് ഈ സംഭവത്തിലൂടെ മനസിലാക്കാമെന്നും യുവതി പറയുന്നുണ്ട്.

വീഡിയോ ഇതിനകം തന്നെ 15 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു, വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ദുബായിൽ മാത്രമാണ് വിശ്വസ്തരായ ആളുകളെ കാണാൻ സാധിക്കുന്നതെന്ന് ഒരാൾ പ്രതികരിച്ചു. മറ്റൊരാൾ ദുബായിൽ ഉളളവർ ബഹുമാനം ഉളളവരാണെന്ന് പറയുന്നുണ്ട്. ദുബായ് സുരക്ഷിതമായതുകൊണ്ടാണ് പ്രവാസികൾ കൂടുതലായി ഇവിടെ എത്തുന്നതെന്നും മറ്റൊരാൾ കമന്റ് ചെയ്തു.