car-in-india-

കൊച്ചി : ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് പ്രമുഖ വാഹന കമ്പനികൾ കാർ വില കൂട്ടുന്നു. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി എന്നിവയാണ് വില വർദ്ധന പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതൽ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില 25,000 രൂപ വരെ കൂടുമെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം കമ്പനിയുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് വലിയ ബാദ്ധ്യതകൾ സൃഷ്‌ടിക്കാതെ വില വർദ്ധന നടപ്പാക്കാനാണ് ശ്രമം. വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ 13 കാറുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഹ്യുണ്ടായ് കമ്പനിയുടെ അറ്റാദായത്തിൽ 16.5 ശതമാനം ഇടിവുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിവിധ കാർ മോഡലുകളുടെ വില ജനുവരി ഒന്ന് മുതൽ നാല് ശതമാനം വരെ കൂടും. ഈ വർഷം ടാറ്റ മോട്ടോഴ്‌സ് രണ്ട് തവണ വിവിധ മോഡലുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ, ബി എം ഡബ്‌ള്യു എന്നിവയുടെ വിവിധ മോഡലുകളുടെ വിലയും ജനുവരി ഒന്നിന് കൂടും.