wedding

കാളിദാസ് ജയറാമിന്റെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് കാളിദാസിന്റെയും താരിണി കലിംഗരായരുടെയും വിവാഹം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചെന്നൈയിലെ പ്രീ വെഡ്ഡിംഗ് ചടങ്ങിൽ പങ്കെടുത്തത്.

വരനും വധുവും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ആഘോഷമാണെങ്കിൽ പോലും ഗംഭീര വിരുന്നാണ് ഒരുക്കിയിരുന്നത്. വിഭവങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും വരുത്തിയിട്ടില്ല. വെജിറ്റേറിയൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരിണി. പക്ഷേ, മെനുവിൽ വേർതിരിവില്ലാതെ എല്ലാതരം ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

kalidas

കോയമ്പത്തൂരിലെ പ്രശസ്‌ത മദമ്പാട്ടി നാഗരാജ് ആൻഡ് കോ ആണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ മെനു വൈറലായിട്ടുണ്ട്. സ്വീറ്റ്, സ്റ്റാട്ടർ, മെയിൻ കോഴ്‌സ് എന്നിവ ചേർന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇളനീർ പിസ്‌ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നു മെനു.

സ്വർണ നിറമുള്ള തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്. ജയറാം കുടുംബത്തിലെ എല്ലാപേരും വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കായി സ്‌പെഷൽ കൗണ്ടറുകൾ തുറന്നിരുന്നു. ബുഫെ രീതിയിലാണ് ഭക്ഷണം വിളമ്പിയത്. സ്ഥിരം കാണാറുള്ള മെനുവിന് പുറമേ, വ്യത്യസ്‌തത നിറഞ്ഞ പലതരം വിഭവങ്ങൾ ഒരുക്കിയിരുന്നു.

food

വിവാഹച്ചടങ്ങുകൾക്കായി കുടുംബം ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ തമിഴ് കലിംഗരായർ ജമീന്താർ കുടുംബത്തിലെ അംഗമാണ് താരിണി. 16-ാം വയസ് മുതൽ മോഡലിംഗിൽ സജീവമാണ്. ഈ വർഷം തന്നെയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹവും നടന്നത്.