മഹാരാഷ്ട്രയിലെ പൂനെയിലേക്കാണ് വാവാ സുരേഷിന്റെയും സംഘത്തിന്റെയും ഇത്തവണത്തെ യാത്ര. പൂനെയിലെ സ്നേക്ക് റെസ്ക്യൂവർ റഫീഖ് ഷെയ്ഖിനാണ് കോൾ വന്നത്. റൂമിൽ ഒരു മോണിറ്റർ ലിസാർഡിനെ കണ്ടു എന്ന് പറഞ്ഞായിരുന്നു കോൾ. മലയാളത്തിൽ ഉടുമ്പ് എന്നാണ് ഈ ജീവിയെ വിളിക്കുന്നത്. മണ്ണുടുമ്പ്, കാരുടുമ്പ്, പൊന്നുടുമ്പ് എന്നിങ്ങനെ പല പേരുകളിൽ ഈ ജീവി അറിയപ്പെടാറുണ്ട്. മറാത്തിയിൽ ഗോർ പഠ് എന്നാണ് ഉടുമ്പിനെ വിളിക്കുന്നത്.

vava-suresh

വലിയ കഴുത്തും, ബലമുള്ള വാലും, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവാണ് ഇവയുടെ പ്രധാന സവിശേഷത. അതിനാൽ തന്നെ കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നതായി പറയപ്പെടുന്നു. അരയിൽ കയർ കെട്ടി ഉടുമ്പിനെ ചുമരുകളിൽ എറിഞ്ഞ് പിടിപ്പിക്കും. ശേഷം ഉടുമ്പിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുകയാണ് കള്ളന്മാർ ചെയ്തിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഛത്രപതി ശിവജിയുടെ പടയാളികൾ മുഗൾ- മറാത്ത യുദ്ധകാലത്ത് 1670ൽ കൊണ്ഡാന കോട്ട പിടിച്ചടക്കിയത് ഉടുമ്പിന്റെ ഉപയോഗിച്ചാണെന്ന ഒരു കഥയുണ്ട്.

വലിയൊരു ഉടുമ്പിനെ കണ്ടുവെന്നും ഭയപ്പെട്ടുവെന്നുമാണ് ഫോൺ വിളിച്ചയാൾ വാവ സുരേഷിനോടും സംഘത്തോടും പറഞ്ഞത്. മൂന്ന് വർഷത്തിനുശേഷമാണ് വാവാ സുരേഷ് ഉടുമ്പിനെ പിടികൂടുന്നത്. പണി നടക്കുന്ന ഒരു കെട്ടിടത്തിലെ മുറിയിൽ സാധനങ്ങൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്നു ഉടുമ്പ്. മഞ്ഞയും കാപ്പിപ്പൊടിയുമായിരുന്നു ഉടുമ്പിന്റെ നിറം. മൂന്ന് അടി നീളമുള്ള പെൺ ഉടുമ്പ്. വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഉടുമ്പ് ഓടാൻ പാകത്തിന് ഇരിക്കുകയായിരുന്നു. വിഷമില്ലെങ്കിലും ഇവ കടിക്കുമെന്നും കടിയേറ്റാൽ മുറിവുണ്ടാകുമെന്നും വാവാ സുരേഷ് പറഞ്ഞു. മൂന്നിഞ്ചിലധികം നീളമുള്ള, കൂർത്ത നാവുള്ള ഇവ പാമ്പിനെ പോലെ ശീൽക്കാരം പുറപ്പെടുവിക്കുകയും ചെയ്യും. ഉടുമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ് കാണാം.