
ഫാഷൻ ലോകത്ത് നിത അംബാനിക്ക് ആരാധകരേറെയുണ്ട്. അത്യാഡംബര വസ്ത്രങ്ങളും, ആഭരണങ്ങളും ബാഗുകളുമൊക്കെ വാങ്ങിക്കൂട്ടുന്നയാൾ കൂടിയാണ് അവർ. അവർ ധരിക്കുന്ന പല വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
മകൾ ഇഷ അംബാനിയുടെ വിവാഹ ചടങ്ങിൽ നിത അംബാനി ധരിച്ച പരമ്പരാഗതമായ ഒരു ഷാൾ ആണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. എന്താണ് ഈ ഷാളിന് ഇത്ര പ്രത്യേകത എന്നല്ലേ? അതിന്റെ വിലയും നെയ്‌തെടുക്കാനെടുക്കുന്ന സമയവും അടക്കമുള്ള കാര്യങ്ങളാണ് അതിനെ വേറിട്ടതാക്കുന്നത്.
ഭർത്താവും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിക്കും ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കുമൊപ്പം നിൽക്കുന്ന നിതയുടെ ചിത്രമാണ് വൈറലാകുന്നത്. അതിനുകാരണമാകട്ടെ അവർ ധരിച്ച ഈ ഷാളും. പ്രീമിയം നിലവാരമുള്ള പഷ്മിന കനി ഷാൾ ആണ് നിത അംബാനി ധരിച്ചിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ഷാളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലഡാക്കിലെ കുന്നുകളിൽ കാണപ്പെടുന്ന ആടുകളുടെ കമ്പിളി ഉപയോഗിച്ചാണ് ഈ റോയൽ ഷാൾ തയ്യാറാക്കുന്നത്. ആറ് ലക്ഷം രൂപയാണ് ഷാളിന്റെ വില. ചുവന്ന വസ്ത്രത്തിനൊപ്പമാണ് നിത അംബാനി ഈ ഷാൾ ധരിച്ചിരിക്കുന്നത്. ഇവ കൈത്തറിയിൽ നെയ്‌തെടുക്കാൻ മാസങ്ങൾ മുതൽ വർഷങ്ങൾ വരെ എടുത്തേക്കാം. അതുകൊണ്ട് കൂടിയാണ് ഷാളിന് ഇത്രയും വില കൂടാൻ കാരണം.