
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആരാധനാലയങ്ങൾക്കുനേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും കേന്ദ്രവും തീവച്ച് നശിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി തീവച്ച് തകർത്തതായും കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡന്റും വക്താവുമായ രാധാറാം ദാസ് എക്സിൽ പ്രതികരിച്ചു. ഇന്ന് പുലർച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് തീവെയ്പ്പ് നടന്നതെന്നും അദ്ദേഹം കുറിച്ചു.
'ധാക്കയിലെ ഇസ്‌കോൺ നാംഹട്ട കേന്ദ്രവും അവിടെയുണ്ടായിരുന്ന ക്ഷേത്രവുമാണ് ആക്രമികൾ നശിപ്പിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവയാണ് തകർന്നത്. ഇരുക്ഷേത്രങ്ങളും നാംഹട്ട കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായിരുന്നു. ധാക്ക ജില്ലയിൽ തുരാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ധൂർ ഗ്രാമത്തിലാണ് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്.
ക്ഷേത്രത്തിന്റെ പിൻഭാഗത്തുളള ടിൻ മേൽക്കൂര ഉയർത്തി പെട്രോളോ ഒക്ടേയ്നോ ഉപയോഗിച്ചോ ആണ് തീവച്ചത്. ക്ഷേത്രങ്ങൾക്കുനേരെ ആക്രമണങ്ങൾ തുടരുകയാണെന്നും ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസും ഭരണകൂടവും പരാതികൾ പരിഹരിക്കാൻ വേണ്ടരീതിയിൽ നടപടികൾ സ്വീകരിക്കുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ആശങ്കയിലാണ്. സന്യാസിമാരോട് തിലകം ധരിക്കരുതെന്നും വിശ്വാസങ്ങൾ പിന്തുടരരുതെന്നും പറയുന്നു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ ഹിന്ദു സമുദായ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ സുരക്ഷയിലും ആശങ്കയുണ്ട്'- അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ന്യൂനപക്ഷങ്ങൾക്ക് നേരെയും ഹിന്ദു ആരാധനാലയങ്ങൾക്കും പുരോഹിതന്മാർക്കും നേരെയും ബംഗ്ലാദേശിൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ വിഷയം വിലയിരുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറിയെ ധാക്കയിലേക്ക് അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും പ്രതികരിച്ചു.ആക്രമം പൊറുക്കാനാകാത്ത നടപടിയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.