
തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ചെറിയ കാലത്തേയ്ക്കുള്ള രണ്ട് കരാറുകൾ മാത്രമാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നില്ല എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വൈദ്യുതി നിരക്ക് വർദ്ധനവ് വലിയ അഴിമതിയാണെന്നും അദാനിയാണ് ഇപ്പോൾ കേരളത്തിന് വൈദ്യുതി നൽകുന്നതെന്നും കേരളത്തിലെ പവർ പർച്ചേസ് ചിത്രത്തിൽ അദാനിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പുതിയ കരാറിനെക്കുറിച്ച് വിശദീകരിച്ചത്.
40 കമ്പനികളുടെ ടെൻഡർ ഉണ്ട്. അതിൽ രണ്ടെണ്ണം മാത്രമേ അദാനിയുടേതായിട്ടുള്ളൂ. കമ്പനികളുമായി ചെറിയ കാലത്തേയ്ക്കുള്ള കരാർ ആണ് ഉള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'ജനങ്ങളുടെ തലയിൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പതിനാറ് പൈസ കൂട്ടി. അടുത്തമാസം മുതൽ പന്ത്രണ്ട് പൈസ വീണ്ടും കൂട്ടുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 7500 കോടി രൂപയാണ് ഈ സർക്കാർ അടിച്ചേൽപ്പിച്ചത്. ഇത് വന്നതെങ്ങനെ? അദാനിയെപ്പോലുള്ള വൻകിട കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി സർക്കാർ ഇത് ചെയ്യുന്നു. ഇത് തെറ്റാണ്. വില വർദ്ധനവ് സർക്കാർ പിൻവലിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എന്റെ കൈയിൽ ഉണ്ട്.
ആര്യാടൻ മുഹമ്മദ് 2016ൽ ഉണ്ടാക്കിയ ദീർഘകാല കരാർ സർക്കാർ റദ്ദാക്കി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാനായിരുന്നു ആ കരാർ. ഇത് റദ്ദാക്കിയതാണ് നിരക്ക് വർദ്ധനവിന് കാരണം. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്നത് അഴിമതിയാണെന്നും കൊള്ളയാണെന്നുമൊക്കെ പറഞ്ഞിട്ടാണ് ഇത് നിർത്തലാക്കാൻ തീരുമാനിച്ചതെങ്കിൽ ഒരു കാര്യം എനിക്ക് ചോദിക്കാനുണ്ട്. അന്ന് ഈ ദീർഘകാല കരാർ തയ്യാറാക്കിയ ആൾ തന്നെയാണ് ഇപ്പോൾ റെഗുലേറ്ററി കമ്മീഷനിൽ അംഗമായിരിക്കുന്നത്. അദ്ദേഹത്തിന് എന്താണ് മറുപടി പറയാനുള്ളത്?'- എന്നായിരുന്നു രമേശ് ചെന്നിത്തല വിമർശിച്ചത്.