
അസമത്വത്തിന്റെ മൂലഹേതു, സമൂഹത്തിൽ നിലനിൽക്കുന്ന വൈവിദ്ധ്യങ്ങളല്ല. ശ്രേണീകൃതവും ജാത്യാധിഷ്ഠിതവുമായ ഒരു സാമൂഹ്യക്രമം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് അസമത്വം ഒരു നിയമം പോലെ നിശബ്ദമായി തുടരുന്നത്. അതുകൊണ്ടാണ് വ്യവസ്ഥിതി ഇരകളാക്കിയ പാർശ്വവത്കൃതരായ ജനവിഭാഗങ്ങൾക്ക് പരിഹാരമെന്നോണം ചില പ്രത്യേക പരിരക്ഷകൾ ഭരണഘടനയിലൂടെ നിയമമായി നാട്ടിൽ നടപ്പാക്കിയത്. നീതിയും അവസര സമത്വവും സ്വാഭാവികമായി നടപ്പാകാത്ത കാലത്തോളം അത് നിയമ സംവിധാനമായിത്തന്നെ നിലനിൽക്കണം. ആ നിയമ പരിരക്ഷ അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ജനാധിപത്യ കാലത്തും അരങ്ങേറുന്നത് ആശങ്കയോടെയേ കാണാനാവൂ.
2024 ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ വിധി, പട്ടിക വിഭാഗങ്ങളെ പുറകോട്ടടിക്കാൻ ഇടവരുത്തുന്നതാണ്. ഈ വിഭാഗങ്ങൾക്കിടയിൽ മേൽത്തട്ടെന്ന ഒരു സാങ്കല്പിക അതിർവരമ്പ് സൃഷ്ടിക്കാനും ഏകതാനതയോടെ ജീവിക്കുന്ന ജനതയെ ശിഥിലീകരിക്കാനുള്ള ഗൂഢശ്രമവുമാണ് ക്രീമിലെയറും ഉപവർഗീകരണവും. നീതിയുക്തമായി ഭൂമി ഉൾപ്പെടെയുള്ള പൊതു വിഭവങ്ങൾ വിതരണം ചെയ്യപ്പെടാത്ത, സംവരണ തസ്തികകൾ പോലും സമയബന്ധിതമായും കാര്യക്ഷമമായും നികത്തപ്പെടാത്ത നാട്ടിലാണ് സാമ്പത്തിക മേൽത്തട്ട് എന്ന ഭാവന ചെയ്യപ്പെട്ട യുക്തിയിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.
കോടതിയും
തുണച്ചില്ല!
രാജ്യത്തെ പൊതുവിഭങ്ങളുടെ കേന്ദ്രീകൃത ഉടമസ്ഥാവകാശം ആരുടെയൊക്കെ കൈകളിലാണ്, ഏതൊക്കെ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് എന്നതിന്റെ കണക്കുകൾ പുറത്തുവരുന്നതിനായി സമഗ്രമായ സാമൂഹ്യ-സാമ്പത്തിക ജാതി സെൻസ് നടത്തണമെന്ന ആവശ്യം നിരാകരിച്ച് സർക്കാരിന്റെ കോർട്ടിലേക്ക് പന്തു തട്ടിയ അതേ സുപ്രീംകോടതിയാണ് പാർലമെന്റിന് പരമാധികാരമുള്ള പട്ടിക വിഭാഗങ്ങളുടെ സംവരണ വിഷയത്തിൽ ഭരഘടനാ വിരുദ്ധമായ വിധി പ്രഖ്യാപിച്ചത്.
രാഷ്ട്രീയമായി ഐക്യമില്ലെങ്കിലും ഭിന്നിപ്പിലോ സംഘർഷഭരിതമോ അല്ല, പട്ടിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം. പക്ഷേ, ഇപ്പോൾ ഉപസംവരണത്തിന്റെ പേരിൽ പട്ടിക വിഭാഗങ്ങളെ തമ്മിൽത്തമ്മിൽ എതിരാളികളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉപസംവരണ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനങ്ങളിലെ അനുഭവം തെളിവായി മുന്നിലുണ്ട്. മഡിഗ സമുദായം ഉപസംവരണം ഉന്നയിച്ച ആന്ധ്രയിലെയും തെലങ്കാനയിലെയും പട്ടിക വിഭാഗങ്ങൾ തമ്മിൽ വളരെയധികം അകന്നുകഴിഞ്ഞു. രാഷ്ട്രീയ നേതൃത്വങ്ങൾ അവരുടെ തിരഞ്ഞെടുപ്പു നേട്ടത്തിനായാണ് വിഘടിപ്പിക്കുകയെന്ന തന്ത്രം ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഉപസംവരണവാദ സമരങ്ങൾ ഇത് സ്ഥിരീകരിക്കുന്നതാണ്.
മഡിഗ സമുദായം ഉപസംവരണം ആവശ്യപ്പെട്ടത് അവർക്കുവേണ്ടി മാത്രമാണ്. ഇതുതന്നെയാണ് ഉപസംവരണ വാദത്തിനു പിന്നിലെ പ്രധാന പൊള്ളത്തരവും. പരസ്പരാശ്രയത്തിൽ ജീവിക്കുന്ന സമൂഹങ്ങൾക്കിടയിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിലയ്‌ക്കെടുക്കുന്നവരാണ് സാമ്പത്തിക മാനദണ്ഡം മുൻനിറുത്തിയുള്ള ഉപസംവരണ വാദത്തിലൂടെ സംവരണ വിരുദ്ധമായ പൊതുബോധം സൃഷ്ടിക്കുന്നത്. ബീഹാറിൽ പിന്നാക്ക വിഭാഗങ്ങളെ, പിന്നാക്കരെന്നും അതിപിന്നാക്കരെന്നും വേർതിരിച്ച് രണ്ട് രാഷ്ട്രീയ പക്ഷങ്ങളിലാക്കി നിറുത്തി ദുർബലപ്പെടുത്തിയ അവസ്ഥ ഉദാഹരണമായുണ്ട്.
ഒരു സമുദായത്തിൽപ്പെട്ട മനുഷ്യർ തന്നെ തുല്യമായ സാമ്പത്തിക നിലവാരത്തിൽ ജീവിക്കുന്നവരല്ല എന്നതുപോലെ, വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട മനുഷ്യരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ്. പട്ടിക വിഭാഗങ്ങളിൽപ്പെട്ടവരും ആ യാഥാർഥ്യത്തിനു പുറത്തല്ല. അത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ജനാധിപത്യ സർക്കാരുകളുടെ ബാദ്ധ്യതയാണ്. എന്തുകൊണ്ടാണ് ഒരു ജനാധിപത്യ സമൂഹത്തിൽ കുറച്ചു മനുഷ്യർ എല്ലാത്തരം വികസന സങ്കല്പങ്ങൾക്കും പുറത്തായത് എന്നതിന് ഭരണകൂടങ്ങളാണ് മറുപടി പറയേണ്ടത്.
ക്രീമിലെയറും ഉപസംവരണവും ഏർപ്പെടുത്തുകയെന്ന അശാസ്ത്രീയ രീതിയല്ല ഇതിന് പ്രതിവിധി. ഇത്തരം സമൂഹങ്ങളെ ഉയർത്തുന്നതിനായുള്ള പ്രത്യേക പാക്കേജുകൾ സർക്കാരുകൾ പ്രഖ്യാപിക്കണം. തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ കാലത്ത് പട്ടിക വിഭാഗങ്ങൾക്കായി നടപ്പാക്കിയതുപോലെ സ്‌പെഷ്യൽ പാക്കേജുകൾ ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിക്കണം. സി. കേശവൻ നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് പിൽക്കാലത്ത് പട്ടിക വിഭാഗങ്ങളിൽ നിന്ന് ഐ.എ.എസുകാരെയും ഐ.പി. എസുകാരെയും സൃഷ്ടിച്ചത്. പ്രത്യേക വിദ്യാഭ്യാസ പാക്കേജുകളും സ്‌കോളർഷിപ്പുകളും പട്ടിക വിഭാഗങ്ങളിലെ ദുർബലർക്കും ചെറു ന്യൂനപക്ഷങ്ങൾക്കുമായി പ്രഖ്യാപിക്കണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതുപോലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ പുനരാരംഭിക്കണം. ഉപകരണങ്ങളാകാതിരിക്കാൻ ഏകതാനതയുള്ള സമൂഹത്തിലെ മനുഷ്യരും ജാഗ്രത പുലർത്തണം.