bill

തിരുവനന്തപുരം: വെെദ്യുതി നിരക്ക് വർദ്ധനക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അ‌ഞ്ച് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി പറയുന്നത്. നിരക്കിനെക്കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി ഫേസ്‌ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വർദ്ധന ഇല്ല. ഈ വിഭാഗത്തിൻ്റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടിൽ നിന്ന് 2000 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.

ആകെയുള്ള 107.36 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ പ്രതിമാസം 150 യൂണിറ്റിൽ കുറഞ്ഞ ഉപയോഗമുള്ള (83.77ലക്ഷം) ഉപഭോക്താക്കളുടെ പ്രതിദിന വർദ്ധനവ് 1.60 രൂപയിൽ താഴെയാണ്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്ക്, കേരളാ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 25.07.2012- ലെ ഉത്തരവ് പ്രകാരമുള്ള താരിഫ് വർദ്ധനവിൽ നിന്നും ഇളവ് നൽകാനാണ് ഗവൺമെന്റ് സബ്സിഡി നൽകി തുടങ്ങിയത്. ഈ സബ്സിഡി ഇപ്പോഴും തുടരുകയാണ്. ഇത് പ്രതിമാസം 40 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 35 പൈസയും 41 യൂണിറ്റ് മുതൽ 120 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 50 പൈസയും ആണ്. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗമുള്ള സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്‌താക്കൾക്ക് 20 രൂപ ഫിക്സഡ് ചാർജ് ഇനത്തിൽ സബ്സിഡി നൽകി വരുന്നുണ്ട്.

പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗമുള്ള 500 വാട്ട്സിൽ താഴെ കണക്റ്റഡ് ലോഡുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള ഗാർഹിക ഉപഭോക്‌-താക്കൾക്ക് ഗവണ്മെന്റ് സബ്സിഡി നൽകി വൈദ്യുതി സൗജന്യമായാണ് നൽകി വരുന്നത്. കൂടാതെ പ്രതിമാസം 41 മുതൽ 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്‌താക്കൾക്ക് ഗവൺമെന്റ് സബ്സിഡിയായി, വൈദ്യുതി യൂണിറ്റൊന്നിന് 1.50 രൂപാ നിരക്കിൽ നൽകി വരുന്നു. ലോ ടെൻഷൻ വിഭാഗത്തിൽപ്പെടുന്ന കാർഷിക ഉപഭോക്‌താക്കൾക്ക് യൂണിറ്റിന് 85 പൈസാ നിരക്കിലാണ് സബ്സിഡി നൽകി വരുന്നത്. എല്ലാ വിഭാഗത്തിലുമായി ഏകദേശം 76 ലക്ഷം ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.

2016-ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വർഷം കൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ നികത്തിയെടുക്കേണ്ടതാണ്. ഈ മുൻ കാലകമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും.

കൂടാതെ കൺട്രോൾ പീരീയഡ് കാലയളവിൽ (2022 – 2027) വിവിധ കാരണങ്ങളാൽ വർദ്ധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവുകൾ, അവശ്യം നടത്തപ്പെടേണ്ട പ്രവർത്തന മൂലധന നിക്ഷേപ പ്രവർത്തികൾക്കുള്ള ചെലവുകൾ വർദ്ധിച്ചുവരുന്നു. അതിനാൽ ആവശ്യം വേണ്ട നിയമാനുസൃതമായ ചിലവുകൾ നിറവേറ്റുന്നതിനും, സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വേണ്ടിയാണ് താരിഫ് പരിഷ്കരണം നിർദേശിക്കാൻ കെഎസ്ഇബി നിർബന്ധിതമായത്.