
കോഴിക്കോട്: എലത്തൂർ എച്ച്.പി.സി.എൽ പ്ലാന്റിലുണ്ടായ ഡീസൽ ചോർച്ചയിൽ ആശങ്ക ഒഴിയുന്നില്ല. ചോർച്ച പൂർണമായും അടച്ചെന്ന് അധികൃതർ പറയുമ്പോഴും ചോർച്ചയുടെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രദേശവാസികൾ. അതിനിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ പ്ലാന്റിലെത്തി പരിശോധന നടത്തി. എച്ച്. പി. സി. എല്ലിന്റെ സാങ്കേതിക വിദഗ്ദ്ധരും പ്ലാന്റിൽ പരിശോധന നടത്തുന്നുണ്ട്. ബുധനാഴ്ചയാണ് പ്ലാന്റിൽ ഇന്ധന ചോർച്ചയുണ്ടായത്. സി.ഡബ്ല്യു.ആർ.ഡി.എം ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡും പ്രദേശത്തെ വെള്ളത്തിൽ കലർന്ന ഡീസലിന്റെ അളവ് കണ്ടെത്താൻ നടത്തിയ പരിശോധന ഫലം പുറത്ത് വരാനുണ്ട്.