milaf-coila-

കോള വിപണിയിൽ വർഷങ്ങളായി അമേരിക്കൻ കമ്പനികളുടെ കൊക്കൊകോളയും പെപ്സിയുമാണ് മുൻനിരയിൽ വാഴുന്നത്. കൊക്കൊകോളയ്ക്കും പെപ്സിക്കും വെല്ലുവിളിയുയർത്തി സൗദി അറേബ്യ പുതിയ കോള പുറത്തിറക്കിയിരിക്കുകയാണ്. ഈന്തപ്പഴത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ കോളയാണ് മിലാഫ് കോള എന്ന പേരിൽ സൗദി വിപണിയിലിറക്കിയത്. റിയാദ് ഡേറ്റ്സ് ഫെസ്റ്റിവലിലാണ് മിലാഫ് കോള ആദ്യമായി അവതരിപ്പിച്ചത്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്‌സിഡിയറിയായ തുറാത്ത് അൽമദീനയാണ് ഈ ഉത്പന്നത്തിന് പിന്നിൽ .

കോൺസിറപ്പിൽ നിന്നോ കരിമ്പിൻ പഞ്ചസാരയിൽ നിന്നോ ഉത്പാദിപ്പിക്കുന്ന കോളകളിൽ നിന്ന് മിലാഫ് കോളയെ വ്യത്യസ്തമാക്കുന്നത് ഇതിൽ പഞ്ചസാര അടങ്ങിയിട്ടില്ല എന്നതാണ്. പകരം ഈന്തപ്പഴത്തിന്റെ സൂപ്പർ ഗുണങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറയുന്നു. രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചയില്ലാതെ പരമ്പരാഗത സോഫ്ട് ‌ ‌ഡ്രിങ്ക് വിപണിയിൽ ആരോഗ്യപരമായ ഒരു ബദൽ സൃഷ്ടിക്കാൻ മിലാഫ് കോളയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ട്.

കമ്പനിയുടെ സിഇഒ ബാന്ദർ അൽ ഖഹ്‌താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്ലിയും ചേർന്നാണ് മിലാഫ് കോള പുറത്തിറക്കിയത്. ' മിലാഫ് കോള ഒരു തുടക്കം മാത്രമാണ്. ഈന്തപ്പഴത്തിൽ നിന്ന് കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു. റിയാദ് ഡേറ്റ് ഫെസ്റ്റിവലിൽ മികച്ച പ്രതികരണമാണ് മിലാഫ് കോളയ്ക്ക് ലഭിച്ചിരിക്കുന്നത്.