pouteria-caimito

മുണ്ടക്കയം: തെക്കേ അമേരിക്കയിൽ സുലഭമായ അബിയു പഴം കൊക്കയാർ വെംബ്ലി പൊട്ടംകുളം തോട്ടത്തെ ഇന്ന് സമ്പന്നമാക്കുകയാണ്. 28 ഏക്കറിൽ അബിയു മരങ്ങൾ കായ്ച്ച് നിൽക്കുന്നു. കൂട്ടിക്കൽ തേൻപുഴ പൊട്ടംങ്കുളം ബോബി ടോംമിന്റെ നേതൃത്വത്തിൽ കുടുംബ സ്വത്തായ ഭൂമിയിലാണ് കൃഷി. റബറിന്റെ വിലയിടിവ് തന്നെയാണ് കൃഷിയിൽ പുത്തൻ പരീക്ഷണത്തിന് ബോബി ടോമിനെ പ്രേരിപ്പിച്ചത്.

സഹോദരിയും പിന്തുണയുമായി ഒപ്പമുണ്ട്. ആദ്യം സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചുമാറ്റി. ഏഴായിരത്തോളം അബിയു തൈകൾ നട്ടു. രണ്ടു വർഷം പരിചരിച്ചപ്പോൾ വിളവെടുക്കാനായി. വിളവെടുപ്പ് ഏപ്രിൽ വരെ തുടരും. തോട്ടത്തിൽ റംബുട്ടാൻ, അച്ചാച്ചെറു, അവക്കാടോ എന്നിവയുമുണ്ട്. രണ്ടാംവർഷം ഇരട്ടി വരുമാനം നേടാൻ കഴിഞ്ഞു. ബാംഗ്ലുരുവിലേക്ക് കയറ്റുമതിയുണ്ട്. കിലോഗ്രാമിന് നൂറു രൂപയാണ് വില.

ഇനി അടുത്തറിയാം

ആമസോണിയൻ പ്രദേശത്ത് ഉത്ഭവിച്ച ഒരു ഉഷ്ണമേഖല ഫലവൃക്ഷമാണ് അബിയു. പൗട്ടീരിയ കൈമിറ്റോ എന്നതാണ് ശാസ്ത്രനാമം. ശരാശരി 33 അടി അയരത്തിൽ വരെ മരങ്ങൾ വളരും. മഞ്ഞപഴങ്ങൾ നിറഞ്ഞ അബിയു കാഴ്ചയിലും ഏറെ ആകർഷകമാണ്.

വിറ്റാമിനുകളുടെ കലവറ

ഫലത്തിനകത്ത് വെളുത്ത മധുരമുളള ഒരു ക്രീം ജെല്ലിയുണ്ട്. കരിക്കിന്റെ സ്വാദിനോട് സാദൃശ്യമുണ്ട്. സപ്പോട്ടേസി കുടുംബത്തിലെ മുട്ടപ്പഴത്തിനു സമാനമാണ്. പാൽ ചേർത്ത് ജ്യൂസായും ഷേക്കായും കഴിക്കാൻ ഉത്തമം. വിറ്റാമിൻ എ,വിറ്റാമിൻ ബി 3, വിറ്റാമിൻ സി,കാൽസ്യം,ഫോസ്ഫറസ്, ഫൈബർ എന്നിവ അടങ്ങിയതിനാൽ ആരോഗ്യത്തിനും ഉത്തമം.