
പത്തനംതിട്ട: താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ റിപ്പോർട്ട്. നവീന്റെ മരണവിവരം പുറത്തുവന്ന ഒക്‌ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമർശങ്ങളില്ല.
നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദവിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.ഒക്‌ടോബർ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോർട്ടം നടന്നത്.
'തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേർന്ന നിലയിലാണ്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലായിരുന്നു. ചുണ്ടുകൾ നീല നിറത്തിലായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല. നാവ് കടിച്ചിരുന്നു. വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണമില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു.
0.5 സെന്റിമീറ്റർ വ്യാസമുള്ള മഞ്ഞ കലർന്ന നിറത്തിലെ പ്ളാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിരുന്നു. കയറിന്റെ നീണ്ട ഭാഗത്തിന് 103 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. കയറിന് 30 മീറ്റർ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്ത് 22 സെന്റിമീറ്റർ നീളമാണ് ഉണ്ടായിരുന്നത്'- എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസ് സത്യവാങ്‌മൂലത്തിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
അതിനിടെ, നവീൻ ബാബുവിന്റെ ഇൻക്വസ്റ്റിന് സഹോദരൻ അനുമതി നൽകിയെന്ന പൊലീസ് സത്യവാങ്‌മൂലം തെറ്റാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇൻക്വസ്റ്റ് അറിഞ്ഞിട്ടില്ലെന്നും പോസ്റ്റുമോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മാറ്റണമെന്ന് കളക്‌ടറോട് ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനിൽ പി നായർ പറഞ്ഞു.
നവീന്റെ പോസ്റ്റുമോർട്ടത്തിന് മുൻപാണ് പൊലീസും കളക്‌ടറും കുടുംബത്തെ ബന്ധപ്പെട്ടത്. ഇൻക്വസ്റ്റ് കഴിഞ്ഞു എന്ന അറിയിപ്പാണ് കിട്ടിയത്. ഇൻക്വസ്റ്റിന് ബന്ധുക്കൾ ആവശ്യമില്ല എന്ന പൊലീസ് വാദം ശരിയല്ല എന്നും അഭിഭാഷകൻ കൂടിയായ അനിൽ വ്യക്തമാക്കി.