fire

കൊല്ലം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരായ പ്രതിഷേധത്തിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ സാരിയിൽ തീപിടിച്ചു. ഉടൻ നിലത്ത് കിടന്ന് ഉരുണ്ടതിനാൽ പൊള്ളലേറ്റില്ല.

ഇന്നലെ രാവിലെ 11.15 ഓടെ കൊല്ലം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിലായിരുന്നു സംഭവം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ സമരം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം വൈദ്യുതി ബില്ലിൽ തീ കൊളുത്താനായി സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ ആദ്യം പത്രക്കടലാസിൽ തീ കത്തിച്ചിരുന്നു. കാറ്റ് വിശീയതോടെ പത്രക്കടലാസിൽ നിന്ന് വനിതാ നേതാവിന്റെ സാരിത്തുമ്പിലേക്ക് തീ പടരുകയായിരുന്നു.

സഹപ്രവർത്തകരും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നിലത്ത് കിടന്ന് ഇരുളാൻ സുബിയോട് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങി.

വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്നലെ സംസ്ഥാന വ്യാപക പ്രക്ഷോഭ നടത്തിയിരുന്നു. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതിനിടെ, വെെദ്യുതി നിരക്ക് വർദ്ധനക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അ‌ഞ്ച് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി പറയുന്നത്. നിരക്കിനെക്കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി ഫേസ്‌ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്.