arrest

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ റോഡിൽ തടഞ്ഞ് സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിൽ തൊളിക്കോട് തോട്ടുമുക്ക് മക്ക ഹൗസിൽ എസ്.ജഹാംഗീർ (44), തൊളിക്കോട് തുരുത്തി മൺപുറത്ത് റോഡരികത്ത് വീട്ടിൽ ടി.ഇർഷാദ് (30) എന്നിവരെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 5 ന് രാത്രി 9.30 ഓടെ മന്നൂർകോണത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ പ്രതികൾ റോഡിൽ തടഞ്ഞുനിറുത്തി മാല കവരാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മന്നൂർക്കോണം സ്വദേശിനിയായ യുവതിയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും രക്ഷപ്പെട്ട പ്രതികളെ പൊലീസ് രഹസ്യതാവളത്തിൽ നിന്നാണ് പിടികൂടിയത്. മോഷണം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. വലിയമല എസ്.എച്ച്.ഒ പ്രമോദ് കൃഷ്ണൻ.ജെ.സിയുടെ നേതൃത്വത്തിൽ എസ്.ഐ അൽഅമാൻ, സീനിയർ സി.പി.ഓമാരായ രാജേഷ്, നിസാറുദീൻ, ജിജേഷ്, ജസീൽ, ഷിലുകുമാർ, സി.പി.ഒ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.