
ദിവസം തുടങ്ങുമ്പോൾ ഒരു ഗ്ലാസ് ചായ കുടിക്കുന്ന പതിവ് മിക്ക മലയാളികൾക്കും ഉണ്ട്. ചായ നമുക്ക് ഒരു വികാരം തന്നെയാണെന്ന് പറയാം. എന്നാൽ മുതിർന്നവരെ പോലെ പല കുട്ടികളും ചായ കുടിക്കാറുണ്ട്. ചില കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ചായയും ബിസ്ക്കറ്റും കൊടുത്ത് ശീലിപ്പിക്കുന്നു. എന്നാൽ കുട്ടികൾ നിരന്തരമായി ചായ കുടിച്ചാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
അതിൽ ഒന്നാമത് പല്ലിന്റെ ആരോഗ്യമാണ്. ചെറുപ്പത്തിൽ മിക്ക കുട്ടികൾക്കും പല്ലിന് കേടുവരാറുണ്ട്. അതിന് ഒരു പ്രധാന കാരണം ചായയാണ്. ചായയിൽ മധുരം ഉണ്ട്. പല കുട്ടികളും ചായ കുടിച്ച ശേഷം വായ കഴുകില്ല. കൂടാതെ ചായയുടെ കൂടെ മറ്റ് മധുര പലഹാരങ്ങളും കഴിക്കും. ഇത് പല്ലിൽ പഞ്ചസാരയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതിനും പെട്ടെന്ന് പല്ലിൽ കേട് വരുന്നതിനും കാരണമാകുന്നു.
ചായയിലും കാപ്പിയിലും ധാരാളം കഫേയ്ൻ അടങ്ങിയിരിക്കുന്നു. കഫേയ്ൻ അടങ്ങിയ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നു. ചായ അസിഡിറ്റി, വയറുവേദന, മലബന്ധ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ തന്നെ കുട്ടികൾക്ക് ചായ കൊടുന്നതിന് പകരം ഹെർബൽ ഡ്രിങ്ക്സ് നൽകുന്നതാണ് നല്ലത്. തുളസി ഇല ചേർത്ത വെള്ളം, ചെറു ചൂടുവെള്ളം എന്നി കുട്ടികൾക്ക് നൽകുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.