
ചുണ്ടുകൾക്ക് സൗന്ദര്യം നൽകാൻ പച്ചമുളക്. കഴിക്കുകയല്ല മുറിച്ച് ഉരയ്ക്കുകയാണ് വേണ്ടത്. ഡൽഹി ആസ്ഥാനമായുള്ള ബ്യൂട്ടി ഇൻഫ്ലുവൻസറായ ശുഭാംഗി ആനന്ദ് ആണ് സൗന്ദര്യ സംരക്ഷണത്തിന് വേറിട്ട വഴിയുമായി എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത വീഡീയോ ഇതിനകം 21 ദശലക്ഷം പേരാണ് കണ്ടത്. രണ്ട് പച്ചമുളക് എടുത്ത് നെടുകെ മുറിച്ചശേഷം അതുകൊണ്ട് ചുണ്ടുകളിൽ ലിപ്ബാം ഉരസുന്നതുപോലെ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടുകളുടെ നിറവും ആകർഷണീയതയും കൂടുമെന്നാണ് അവരുടെ അവകാശവാദം. നിങ്ങൾ ശ്രമിക്കുമോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്.
വീഡിയോയ്‌ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബ്യൂട്ടി ഹാക്ക് എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയുള്ള ഭ്രാന്തൻ രീതികൾ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്. ഇന്റർനെറ്റിലെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ് മറ്റുചിലർ ഇതിനെ വിശേഷിപ്പിച്ചത്.
എന്നാൽ ഈ പരീക്ഷണം നല്ലതാണെന്നും മികച്ചതാണെന്നും മറ്റുചിലർ പറയുന്നുണ്ട്. സെൻസിറ്റീവ് ചർമ്മം ഉള്ളവർ മുളക് ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അവർ ഉപദേശിക്കുന്നു. പാർശ്വഫലങ്ങൾ ഉണ്ടാകുമോയെന്ന് ഉറപ്പിച്ചുവേണം പ്രയോഗിക്കാനെന്നും അവർ പറയുന്നു.
അതിനിടെ വീഡിയോയ്‌ക്കെതിരെ ചിലർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വിവാദമായി. വീഡിയോ കാണുകയോ, കാണാതിരിക്കുകയോ ചെയ്യാം. അതിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം. എന്നാൽ ഇത്തരത്തിലുളള പരാമർശങ്ങൾ വേണ്ട എന്നാണ് പരാമർശത്തെ എതിർക്കുന്നവർ പറയുന്നത്.