died

കൊച്ചി: ഗുണ്ടകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി തിരുവാങ്കുളത്താണ് സംഭവം. ബാബുവെന്ന യുവാവിനെയാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭീഷണിയെ തുടർന്നാണ് മരിക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവർ മർദ്ദിച്ചതിനെ തുടർന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

അഞ്ചാം തീയതിയാണ് ഗുണ്ടകൾ ബാബുവിനെ ആക്രമിച്ചത്. അടിപിടി കേസിൽ തങ്ങളെ ജാമ്യത്തിലിറക്കാൻ ബാബു എത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം. തുടർന്ന് ബാബു പൊലീസിൽ പരാതി നൽകി. തന്റെ ജീവന് ഭീഷണി ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഹിൽപാലസ് പൊലീസ് ബാബുവിന്റെ പരാതിയിൽ കേസെടുത്തിരുന്നു. ഹരീഷും മാണിക്യനും ഒളിവിലാണ്. ഹരീഷ് രണ്ട് കൊലപാതക കേസിലെ പ്രതിയാണ്. ബാബുവും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.