
ഇന്ന് ചെറുപ്പക്കാർ പോലും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് മുടി നരയ്ക്കുന്നത്. ചെറിയ കുട്ടികൾക്ക് വരെ അകാല നര ബാധിക്കാറുണ്ട്. കാലാവസ്ഥയിലെ മാറ്റം മുതൽ ശാരീരിക പ്രശ്നങ്ങളും മാനസിക സമ്മർദ്ദവുമെല്ലാം അകാലനരയ്ക്ക് കാരണമാകും. മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ പലരും കെമിക്കൽ ഡെെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ദീർഘനാൾ ഇവ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷമാണ്.
കെമിക്കൽ ഉപയോഗിക്കാതെ വീട്ടുമുറ്റത്തെ ഈ ഇല ഉപയോഗിച്ച് പ്രകൃതിദത്തമായ ഡെെ ഉണ്ടാക്കാൻ കഴിയും. അവ എങ്ങനെയെന്ന് നോക്കിയാലോ? ഇതിനായി നിങ്ങൾക്ക് ആദ്യം വേണ്ടത് 10 വെറ്റിലയാണ്. രണ്ട് ഗ്ലാസ് വെള്ളം, ഒരു ടേബിൾ സ്പൂൺ ചായപ്പൊടി, ഒരു ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടി എന്നിവയാണ് ഈ ഡെെ തയ്യാറാക്കാൻ ആവശ്യമായ മറ്റ് സാധനങ്ങൾ ( മുടിയിൽ നര ഉള്ളത് അനുസരിച്ച് സാധനങ്ങളുടെ അളവ് കൂട്ടാം).
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളത്തിൽ വെറ്റിലയും ചായപ്പൊടിയും ചേർത്ത് നല്ല പോലെ തിളപ്പിക്കുക. തിളപ്പിച്ച് കുറുക്കിയെടുക്കണം (വെള്ളം ഒരു പകുതിയാകുന്നത് വരെ വറ്റിക്കാം). ശേഷം ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടി എടുത്ത് നേരത്തെ ഉണ്ടാക്കിവച്ച വെള്ളം അൽപം ചേർത്ത് കൊടുക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചീനച്ചട്ടിയിൽ തന്നെ അടച്ച് വയ്ക്കണം. അഞ്ച് മണിക്കൂർ എങ്കിലും ആ മിശ്രിതം അടച്ച് വയ്ക്കണം. എന്നിട്ട് അൽപം പോലും എണ്ണമയമില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ഇത് മുടിയിൽ വച്ചിരിക്കണം. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം.