d

പോർബന്തർ: ഭീകരവിരുദ്ധ നിയമം (ടാഡ)​ പ്രയോഗിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് ഷോക്കടിപ്പിച്ചെന്ന ആരോപണത്തിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് ഭട്ടിനെ ഗുജറാത്ത് പോർബന്തറിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് നടപടി. 1997ൽ സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പിയായിരിക്കുമ്പോഴുള്ള കേസിലാണിത്.

1994ൽ ഭീകരപ്രവർത്തനത്തിനായുള്ള ആയുധങ്ങൾ പിടിച്ചെടുത്ത കേസിൽ പ്രതിയായ നരൻ ജാദവാണ് സഞ്ജീവ് ഭട്ടിനെതിരെ പരാതി നൽകിയത്. കുറ്റം സമ്മതിക്കാൻ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് പ്രതി ആരോപിച്ചിരുന്നു. 1990ലെ മറ്റൊരു കസ്റ്റഡി മരണ കേസിൽ രാജ്‌കോട്ട് സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ടിപ്പോൾ. രാജസ്ഥാനിലെ അഭിഭാഷകനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിലും 20 വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.