dhjj

ചെന്നൈ: ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് ഒരു വർഷം ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ മക്കൾ. റഹ്മാന്റെ മകൻ എ.ആർ. അമീനും മകൾ ഖദീജയുമാണ് വാർത്തകൾ തള്ളി രംഗത്തെത്തിയത്. വിവാഹമോചനം റഹ്മാനെ ആകെ തളർത്തിയിട്ടുണ്ടെന്നും ഒരു വർഷത്തേക്ക് വിശ്രമത്തിലായിരിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇത് അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങളാണെന്നും അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി. വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് വ്യാജ വാർത്ത എന്ന് കുറിക്കുകയും ചെയ്തു. വസ്തുതാവിരുദ്ധമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ എന്ന് ഖദീജ എക്സിൽ കുറിച്ചു.

നവംബറിലാണ് റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ അഭിഭാഷക ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്.

വിവാഹമോചന വാർത്ത എ.ആർ. റഹ്മാൻ സമൂഹ മാദ്ധ്യമത്തിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാദ്ധ്യതയുണ്ടെന്നും സൈറാ ബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ വ്യക്തമാക്കി.

1995ലാണ് റഹ്മാൻ- സൈറ വിവാഹം കഴിഞ്ഞത്.