narendra-modi

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന വധഭീഷണിയില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില്‍ കഴിഞ്ഞ ദിവസമാണ് (ഡിസംബര്‍ 7) ഭീഷണി സന്ദേശം എത്തിയത്. രണ്ട് ഐസിസ് തീവ്രവാദികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അജ്മീറില്‍ നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില്‍ മദ്യലഹരിയില്‍ വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്‌ഐആര്‍ ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബയ് ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറുകളില്‍ ഒന്നിലാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടാഴ്ച മുമ്പും പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള അജ്ഞാത ഫോണ്‍ സന്ദേശം എത്തിയിരുന്നു. 34കാരിയായ ഒരു സ്ത്രീയായിരുന്നു ഇതിന് പിന്നില്‍.

രാജ്യത്തെ ഭരണസംവിധാനങ്ങളിലെ അതൃപ്തിയെത്തുടര്‍ന്നാണ് ഇങ്ങനെ ചെയതതെന്നാണ് അന്ന് പൊലീസ് പിടികൂടിയ സ്ത്രീ അവകാശപ്പെട്ടത്. സമാനമായ രീതിയില്‍ നിരവധി പ്രമുഖരെ കൊലപ്പെടുത്തുമെന്ന സന്ദേശങ്ങളാണ് അടുത്തിടെയായി മുംബയ് പൊലീസിന് ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നും തന്നെ ഇല്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ അറിയിക്കുന്നത്.