
സാമ്പത്തിക രംഗത്തെ കരുത്തായി അടുത്ത കാലം വരെ ലോകരാജ്യങ്ങൾ ഡോളർ ശേഖരത്തെയായിരുന്നു കണ്ടിരുന്നത്. എന്നാൽ യുക്രെയിൻ യുദ്ധത്തോടെ അമേരിക്ക റഷ്യക്ക് ഏർപ്പെടുത്തിയ ഉപരോധം ഡോളറിനെ നിക്ഷേപമായി കാണുന്നതിൽ നിന്ന് ലോക രാജ്യങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ തുടങ്ങി. ഡോളർ നിക്ഷേപം യഥേഷ്ടം ഉണ്ടായിരുന്ന റഷ്യക്ക് അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഡോളറിൽ ഇടപാട് നടത്താൻ പറ്റാത്ത സ്ഥിതിയുണ്ടായി. ഇതോടെ ഡോളർ അത്ര വിശ്വസ്ത കറൻസിയല്ല എന്ന പ്രചാരണവും ശക്തമായി. തുടർന്ന് പല രാജ്യങ്ങളും ഡീ ഡോളറൈസേഷനിലേക്ക് ചുവടു മാറ്റിത്തുടങ്ങി. ഡോളറിന് ബദലായി നിക്ഷേപം സ്വർണത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് അവർ ചെയ്തത്. ഇതോടെ സ്വർണം വാങ്ങിക്കൂട്ടുന്ന തിരക്കിലായി രാജ്യങ്ങൾ. ഇത്തരത്തിൽ സ്വർണം വാങ്ങിക്കൂട്ടുന്നതിൽ ജി.സി.സി രാജ്യങ്ങളെ ഉൾപ്പെടെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ രാജ്യം ഇന്ത്യയാണ്. ഒക്ടോബറിൽ സെൻട്രൽ ബാങ്കുകൾ വാങ്ങിയ സ്വർണത്തിന്റെ 48 ശതമാനവും സ്വന്തമാക്കിയത് റിസർവ് ബാങ്കാണ്. ഒക്ടോബറിൽ 27 ടൺ സ്വർണമാണ് ആർ,ബി.ഐ വഴി ഇന്ത്യ വാങ്ങിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ ശേഖരം 882 ടൺ ആയി. അതിൽ 510 ടൺ രാജ്യത്തും ബാക്കിയുള്ളവ ലണ്ടൻ, സുറിച്ച്, ന്യൂയോർക്ക് എന്നിവിടങ്ങളിലുമാണ്. ഐ .എം.എഫിൽ റിപ്പോർട്ട് ചെ.യ്ത പ്രതിമാസ കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ഇതുവരെ 77 ടൺ സ്വർണം ആർ.ബി.ഐ വാങ്ങിയിട്ടുണ്ട്.
ഒക്ടോബറിലെ കണക്കുകൾ പ്രകാരം സ്വർണം വാങ്ങിയതിൽ ഇന്ത്യ കഴിഞ്ഞാൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത് തുർക്കിയും പോളണ്ടുമാണ്. തുർക്കിയുടെ ഈ വർഷത്തെ സ്വർണ ശേഖരം 72 ടണ്ണും പോളണ്ടിന്റേത് 69 ടണ്ണുമാണ്. ഒക്ടോബറിൽ സ്വർണ്ണം അതിന്റെ എക്കാലത്തെയും ഉയർന്നവിലയിൽ ഔൺസിന് 2750 ഡോളർ കടന്നിരുന്നു, ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണത്തിന്റെ വാങ്ങൽ നടന്നത് . സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഡിമാൻഡാണ് സ്വർണവില കുതിച്ചുയർന്നതിന് ഇടയാക്കിയത്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒക്ടോബറിലെ ഇടപാടിൽ അഞ്ചിരട്ടി വർദ്ധനയുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.
സ്വർണത്തിന്റെ വർദ്ധിച്ച ഡിമാൻഡ് കാരണം സ്വർണ ഖനനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മിക്ക രാജ്യങ്ങളും . അടുത്തിടെ ചൈനയിൽ കണ്ടെത്തിയ സ്വർണഖനി ലോകത്തെ ഏറ്റവും വലിയതാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനിലെ കിഴക്കൻ മേഖലയിലെ ഖനിയി? നേരത്തെ കരുതിയതിലും കൂടുതൽ സ്വർണമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.