crime

പത്തനംതിട്ട: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെന്ന വ്യാജേന യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ കൊട്ടാരക്കര വാളകം സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി സുരേഷ് കുമാര്‍ (49) അറസ്റ്റിലായി. സമൂഹമാദ്ധ്യമങ്ങളില്‍ അനൂപ് ജി പിള്ള എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയാണ് സുരേഷ് കുമാര്‍ പണം തട്ടിയെടുത്തത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് അടുത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്.

അടൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടതിന് ശേഷം തിരുവനന്തപുരത്ത് വീടും സ്ഥലവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ചെറിയ വില നല്‍കിയാല്‍ മതി വീട് വാങ്ങാന്‍ എന്ന് പറഞ്ഞ ശേഷം ചില വീടുകളുടെ ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി അയച്ച് കൊടുക്കുകയും ചെയ്തു. യുവതിക്ക് താത്പര്യമുള്ള വീടിന് അഡ്വാന്‍സ് നല്‍കാനെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. തന്റെ അകൗണ്ടില്‍ ടാക്സ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വീട്ടിലെ ടാപ്പിംഗ് തൊഴിലാളിയുടെ അക്കൗണ്ടില്‍ പണം നല്‍കിയാല്‍ മതിയെന്നും യുവതിയെ വിശ്വസിപ്പിച്ചു.

ആദ്യം 25,000 രൂപ അയച്ചു കൊടുത്തു. പിന്നീട് പലപ്പോഴായി യുവതിയില്‍ നിന്നും 15 ലക്ഷം രുപ ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ യുവതി കവടിയാറിലെത്തി അനൂപ് ജി പിള്ള എന്ന ആളെ അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാള്‍ ഇല്ലെന്നും താന്‍ തട്ടിപ്പിന് ഇരയായെന്നും മനസ്സിലായി. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.