uae

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് കേരളത്തിന്റെ ദാഹമകറ്റുന്ന ഹില്ലി അക്വ കടല്‍ കടക്കാനൊരുങ്ങുന്നു. കസ്റ്രംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ 1.5 ലിറ്ററിന്റെ 22,000 ലിറ്ററോളം അടങ്ങിയ ഒരു കണ്ടെയ്‌നര്‍ വെള്ളം യു.എ.ഇയിലെത്തുമെന്ന് ഹില്ലി അക്വ അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ വിഷ്ണു സൂര്യ അറിയിച്ചു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും യു.എ.ഇ ആസ്ഥാനമായുള്ള അരോണ ജനറല്‍ ട്രേഡിംഗ് എല്‍.എല്‍.സിയും തമ്മില്‍ ഇത് സംബന്ധിച്ച ധാരണാപത്രം മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ ഒന്നിന് ഒപ്പിട്ടിരുന്നു. ആറ് ജി.സി.സി രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ് കമ്പനി കരാറേറ്റെടുത്തിരിക്കുന്നത്. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാലുടന്‍ 1.5 ലിറ്റര്‍ പാക്കേജും തൊട്ടുപിന്നാലെ അര ലിറ്റര്‍, 5 ലിറ്റര്‍, 20 ലിറ്റര്‍ പാക്കേജിലുള്ള കുടിവെള്ളവും ഗള്‍ഫ് രാജ്യങ്ങളിലെത്തും. വിഴിഞ്ഞം പോര്‍ട്ടിലൂടെ കൂടുതല്‍ ഉത്പന്നം കയറ്റുമതി ചെയ്യാനാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര വ്യാപാരമേളയിലെത്തിയ സംരംഭകരാണ് ഹില്ലി അക്വ വിദേശത്ത് എത്തിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന നാടുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡഡ് കുടിവെള്ളം എത്തുന്നുവെന്നതാണ് പ്രത്യേകത.


ഉത്പാദനം ഇരട്ടിയാക്കും

തൊടുപുഴ, അരുവിക്കര പ്ലാന്റുകളില്‍ ഒരു ഷിഫ്റ്റില്‍ പ്രതിദിനം 78,000 കുപ്പിവെള്ളമാണ് (2500 കെയ്‌സ്) ഉത്പാദിപ്പിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളാക്കി 4000 കെയ്‌സിന് മുകളില്‍ ഉത്പാദിപ്പിക്കും. ഇതിനായി തൊടുപുഴയില്‍ അഡിഷണല്‍ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിനും അരുവിക്കരയില്‍ ജലശുദ്ധീകരണം ഇരട്ടിയാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 2025 ഏപ്രില്‍, മേയ് മാസത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് നീക്കം.


കയറ്റുമതിയിലൂടെ 30 ശതമാനം വരുമാന വര്‍ദ്ധനവ്

3 വര്‍ഷത്തേക്ക് കരാര്‍

ആഴ്ചയില്‍ കുറഞ്ഞത് 25,000 ലിറ്റര്‍

ഈ വര്‍ഷം ഇതുവരെയുള്ള വരുമാനം 8.83 കോടി

കഴിഞ്ഞ വര്‍ഷം 5.22 കോടി