bomb

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നാ‌ൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ സ്‌കൂൾ അധികൃതർക്ക് ലഭിച്ചതെന്നാണ് വിവരം. ആർ കെ പുരയിലെ ഡൽഹി പബ്ളിക്‌ സ്‌കൂളിനും, പശ്ചിം വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യമായി ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 6:15 ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചത്. ഈ സമയം കുട്ടികൾ പലരും സ്‌കൂളുകളിൽ എത്തിയിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. ഇവരെയെല്ലാം മടക്കിയയച്ചു.

ജി ഡി ഗോയങ്ക സ്‌കൂളിലാണ് ആദ്യമായി സന്ദേശം ലഭിച്ചത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് 7:06ഓടെയാണ് ഡൽഹി പബ്ളിക്‌ സ്‌കൂളിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരും അഗ്നിരക്ഷാ സേനയെ വിളിച്ചു. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

ഡൽഹിയിൽ സ്‌കൂളുകളിൽ ബോംബ് ഭീഷണി കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി ഉണ്ടാകുകയാണ്. രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ ഒക്‌ടോബർ മാസത്തിൽ സിആർ‌പിഎഫിന്റെ സ്‌കൂളിനോട് ചേർന്ന് ഒരു സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌കൂളിന്റെ മതിലിനും തൊട്ടടുത്തുള്ള കടകൾക്കും വാഹനങ്ങൾക്കും ഇതിൽ കേടുപാടുണ്ടായി. പിറ്റേന്ന് ഒക്‌ടോബർ 21ന് എല്ലാ സിആർ‌പിഎഫ് സ്‌കൂളുകളിലേക്കും ഇമെയിലായി ബോംബ് ഭീഷണി വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു.