market

തിരുവനന്തപുരം: കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിലേക്ക് ആവശ്യമായ അരി മുതൽ പച്ചക്കറി വരെയും തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഒരുകാലത്ത് നമുക്ക് വേണ്ടതെല്ലാം നമ്മൾ തന്നെ ഉത്‌പാദിപ്പിച്ചുകൊണ്ടിരുന്നിടത്തു നിന്ന് സകലതും ഇറക്കുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളം എത്തി. ചെറിയ മാറ്റങ്ങൾ അവിടിവിടെയായി കണ്ടു തുടങ്ങുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്‌തമല്ല.

ഇപ്പോഴിതാ മുല്ലപ്പൂവിനാണ് വലിയ തോതിൽ വില വർദ്ധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്കാവശ്യമായ പൂക്കൾ എത്തുന്നത്. ആ തമിഴ്‌നാട്ടിലും തീവിലയായിരിക്കുകയാണ് മുല്ലയ‌്ക്ക്. ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം സംഭവിത്തോടെയാണ് വില കുത്തനെ കൂടിയത്. ഒരു കിലോ മുല്ലപ്പൂവിന് തമിഴ്‌നാട്ടിലെ വില 4500 രൂപയായി. അത്രയ‌്ക്ക് കയറിയില്ലെങ്കിലും കേരളത്തിൽ കിലോയ‌്‌ക്ക് 2000 രൂപയായി ഉയർന്നിട്ടുണ്ട്.

വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയം കൊച്ചിയിൽ 400 രൂപ മാത്രമായിരുന്നു വില. തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇവിടെയാണ് ഫിൻജാൽ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്‌ടം നേരിട്ടത്. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് വെള്ളത്തിനടിയിലായത്.

ഇതോടെ വിളവെടുപ്പ് കുറഞ്ഞു. ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ജനുവരി വരെ മുല്ലപ്പൂവില ഉയരുമെന്നും വ്യാപാരികൾ പറയുന്നു.