
വടക്കഞ്ചേരി: രണ്ടാംവിള നടീൽ കഴിഞ്ഞ പാടങ്ങളിൽ കർഷകരെ ആശങ്കയിലാക്കി ഗാളീച്ചശല്യം. കണ്ണമ്പ്ര മഠത്തിപ്പാടം പാടശേഖരത്തിലാണ് ഗാളീച്ചകളെ കണ്ടെത്തിയത്. അപൂർവമായാണ് കാണപ്പെടുകയെങ്കിലും ഗാളീച്ച അപകടകാരി ആയതിനാൽ കർഷകർ മുൻകരുതലെടുക്കണമെന്ന് കണ്ണമ്പ്ര കൃഷി ഓഫീസർ വി.കെ.ആരതി കൃഷ്ണ പറഞ്ഞു.
തണ്ടീച്ച എന്നും അറിയപ്പെടുന്ന ഗാളീച്ച തണ്ട് തുരന്നുതിന്ന് നെൽച്ചെടി പൂർണമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയിലും ഗാളീച്ച ആക്രമണം ഉണ്ടാകാറുണ്ട്. ഇരുണ്ട തവിട്ടുനിറവും നീണ്ട കാലുകളുള്ളതും കൊതുകുകളേക്കാൾ ചെറുതുമാണ് ഗാളീച്ച.
ലക്ഷണം
നെൽച്ചെടികൾ ഉള്ളിച്ചെടിയുടെ ഇലപോലെ ട്യൂബ് രൂപത്തിൽ കാണുന്നതാണ് ലക്ഷണം. ഗാളീച്ച ചെടിയുടെ തണ്ടുതുരന്ന് മുട്ടയിടും. മുട്ട വിരിഞ്ഞ് പ്രാണികൾ തണ്ടിന്റെ ഉൾഭാഗം തിന്നുന്നതോടെ വളർച്ച മുരടിക്കുന്നതു മൂലമാണ് ചെടി ട്യൂബ് രൂപത്തിലാകുന്നത്.
നിയന്ത്രണം
ഗാളീച്ചയുടെ സാന്നിധ്യം കണ്ടാൽ കൃഷിഭവന്റെ ശുപാർശയോടെ തയാമെതോക്സം, ഫിപ്രോണിൽ, ക്ലോർപൈറിഫോസ് തുടങ്ങിയ കീടനാശിനികൾ ഉപയോഗിക്കാം.