
ബംഗളൂരുവിൽ ഭക്ഷണം വിളമ്പിയും ഉണ്ണിയപ്പം വിറ്റും നേടിയ ആത്മവിശ്വാസത്തിലാണ് കൊല്ലം സ്വദേശി സുമ ബാല (37) ഹൗസ് ബോട്ടിലെ ആദ്യ വനിതാ ഷെഫായത്. പാചകം ഹരമായ കാലത്താണ് കൊവിഡ് ശാപമായത്. കാറ്ററിംഗ് നിലച്ചു. എന്നിട്ടും സുമ പതറിയില്ല. പലഹാരങ്ങൾ ഒരുക്കി ഓട്ടോറിക്ഷയിൽ കടകളിലെത്തിച്ചു. അതിൽ ഉണ്ണിയപ്പം ഹിറ്റായി. മൂന്ന് ദിവസം ഉറങ്ങാതിരുന്ന് ആറായിരം ഉണ്ണിയപ്പം വരെ തയ്യാറാക്കിയിട്ടുണ്ട്.
കൊല്ലം ചാത്തന്നൂർ കാരംകോട് വൈഷ്ണ വർഷത്തിൽ ബാലചന്ദ്രൻ നായരുടെയും സുഷമ കുമാരിയുടെയും മകളാണ് സുമ. വിവാഹശേഷം ബംഗളൂരുവിൽ താമസമാക്കി. ടി.ടി.സി പാസായതിനാൽ ആദ്യം അദ്ധ്യാപികയായി. തന്റെ വഴി പാചകമാണെന്ന് തിരിച്ചറിഞ്ഞതോടെ സുഹൃത്ത് നിഷയോടൊപ്പം പദ്ധതികൾ ആലോചിച്ചു. ഗുരുവായൂർ ദർശനത്തിന് പണം സ്വരുക്കൂട്ടിയിരുന്ന കുടുക്ക പൊട്ടിച്ചു. ആ പണമാണ് മൂലധനം. ബംഗളൂരുവിലെ ഇരുപത് മലയാളി വിദ്യാർത്ഥികൾക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പി തുടങ്ങി. ഭക്ഷണം ലഭ്യമാണെന്ന പോസ്റ്ററുകൾ രാത്രിയിൽ നഗരത്തിലെ മതിലുകളിൽ ഒട്ടിച്ചു. സുഹൃത്തുക്കളുടെ ചടങ്ങുകളിലും സുമ-നിഷ കൂട്ടുകെട്ടിന്റെ വിഭവങ്ങൾ ഹിറ്റായി. ഓർഡറുകൾ കൂടി. വിഷു, ഓണസദ്യ ഓർഡറുകൾ ലഭിച്ചു.
ബംഗളൂരു റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കളിനറി കോഴ്സ് പാസായി. ബംഗളൂരുവിലെയും, മൂന്നാറിലെയും പ്രശസ്ത ഹോട്ടലുകളിൽ ഷെഫായി. കേരളത്തിൽ മടങ്ങിയെത്തണമെന്ന ചിന്തയാണ് ഹൗസ് ബോട്ടിലെ ആദ്യ വനിതാ ഷെഫ് പദവിയിലെത്തിച്ചത്. വിവാഹ മോചിതയായെങ്കിലും സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഢനിശ്ചയത്തിലാണ് സുമ ബാല.
കൈപ്പുണ്യത്തിന്
കൈയടി
മുഹമ്മയിലെ ദി ബോട്ട് കമ്പനിയുടെ ഹൗസ് ബോട്ടിൽ ഒന്നരമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഹൗസ് ബോട്ടിൽ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ ഛഗൻഭായ്, നടി അമല പോൾ, നേവി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി വി.ഐ.പികൾക്ക് രുചി വിളമ്പി സുമ കൈയടി നേടിയിട്ടുണ്ട്.