bhairavan-shanthi

മനുഷ്യജന്മംകൊണ്ട് ആത്മസാക്ഷാത്കാരം അഥവാ ഈശ്വര സാക്ഷാത്കാരമാണ് നേടേണ്ടതെന്ന ഗുരുസന്ദേശം സ്വജീവിതത്തിൽ ഉൾക്കൊണ്ട മഹാത്മാവായിരുന്നു ഭൈരവൻ ശാന്തി സ്വാമികൾ. ഗുരുദേവൻ വക്കം സന്ദർശിച്ച വേളയിൽ അരുവിപ്പുറത്തേയ്ക്ക് ഒപ്പം പോന്ന ഭൈരവൻ സ്വാമികളെയാണ്,​പിന്നീട് അരുവിപ്പുറത്ത് ഗുരുദേവൻ

വിഖ്യാതമായ ശിവലിംഗ പ്രതിഷ്ഠ നടത്തിയതിനു ശേഷം ക്ഷേത്രത്തിന്റെയും മഠത്തിന്റെയും കാര്യങ്ങൾ നോക്കിനടത്താൻ ഏൽപ്പിച്ചത്.

അന്നു മുതൽ1938-ൽ സമാധിയാകുംവരെ അദ്ദേഹം ഗുരുസവിധത്തിൽ സേവ ചെയ്കു കഴിഞ്ഞു. ജ്ഞാനത്തിന്റെ ഏറ്റവും ഉദാത്തമായ തലമാണ് സ്ഥിതപ്രജ്ഞന്റെ അവസ്ഥ. ഇതിന് ബുദ്ധിമുട്ടെന്നു തോന്നുമ്പോൾ ജനന,​ മരണങ്ങളില്ലാതെ വാഴുന്ന മുനിയിൽ ശിഷ്യൻ സമർപ്പിത ചേതസായി വസിക്കണമെന്നാണ് ഗുരു പറഞ്ഞത്. അതുകൊണ്ടാണ് ഭൈരവൻ സ്വാമികൾ ഗുരുസേവ ചെയ്ത് ജീവിതം കൃതകൃത്യമാക്കിയതെന്ന് ആ ജീവിതം പഠിക്കുമ്പോൾ തിരിച്ചറിയാം. ഗുരുവിനേക്കാൾ പ്രായക്കൂടുതലുണ്ടായിരുന്ന ഭൈരവൻ ശാന്തി 120 വയസു വരെ ജീവിച്ചു (ജനനം: 1818).

ഒരിക്കൽ ഗുരു കൊടിതൂക്കി മലയിലെ പാറപ്പുറത്തിരിക്കുമ്പോൾ ഭൈരവൻ ശാന്തി കണ്ട കാഴ്ച വിസ്മയകരമായിരുന്നു. ഗുരുദേവൻ ബാലമുരുകനുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. തേജസ്വിയായ ഒരു ബാലനുമായിട്ടായിരുന്നു ആ സംവാദം. കുറച്ചുകഴിഞ്ഞ് ആ രൂപം അപ്രത്യക്ഷമായി. സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ഭൈരവൻ ശാന്തിയോട് ഗുരു ചോദിച്ചു: 'കണ്ടുവോ?" കണ്ടുവെന്ന് ശാന്തി സ്വാമികൾ പറഞ്ഞപ്പോൾ,​ 'ശരി; ദീർഘായുസായിരിക്കും" എന്ന് ഗുരു അനുഗ്രഹിക്കുകയും ചെയ്തു! ഗുരുവിലുള്ള അചഞ്ചല ശ്രദ്ധകൊണ്ടു മാത്രമാണ് ഒരു പൂർണ മനുഷ്യായുസു മുഴുവൻ ജീവിക്കുവാൻ അദ്ദേഹത്തിനു സാധിച്ചത്. ശാസ്ത്രത്തിലും ഗുരുവാക്യത്തിലുമുള്ള സത്യബുദ്ധിയാണ് ശ്രദ്ധ. ഇന്നത്തെ ശിഷ്യർക്കും ഭക്തർക്കും ഇല്ലാത്തതും ഈ ശ്രദ്ധയാണ്.


ഗുരു അരുവിപ്പുറത്തു പ്രതിഷ്ഠിച്ചത്,​ മറ്റു ക്ഷേത്രങ്ങളിലേതു പോലെ ത്രിമൂർത്തി സങ്കൽത്തിലുള്ള ശിവനെയല്ല,​പരബ്രഹ്മ സ്വരൂപനായ ശിവനാണ്. അതുകൊണ്ടുതന്നെ,​ ഇവിടെ താന്ത്രിക രീതിയിലുള്ള പൂജകളോ കൊടിമരമോ ഇല്ല. ഇവിടത്തെ പ്രഥമ പൂജാരിയും പ്രഥമ ശിഷ്യനുമായിരുന്നു ഭൈരവൻ ശാന്തി സ്വാമികൾ. ശ്രീനാരായണ ഗുരുദേവ പരമ്പരയിലെ തന്ത്രിമാരുടെയും ശാന്തിമാരുടെയും ആദി തന്ത്രിയും ശാന്തിയും ഭൈരവൻ ശാന്തി സ്വാമികളാണെന്ന് ശ്രീനാരായണ വൈദികരിൽ പലർക്കും അറിയില്ലെന്നതും ഒരു സത്യമാണ്.


ഗുരുവിന്റെ മഹാസമാധി വാർത്ത ഭൈരവൻ ശാന്തി സ്വാമികൾ അറിയുന്നത് അരുവിപ്പുറത്തു വച്ചാണ്. ആ നിമിഷം അദ്ദേഹം ആകെ തളർന്നു തന്റെ സർവസ്വവുമായ ഗുരു തന്നെ വിട്ടുപോയി എന്നത് അദ്ദേഹത്തിന് ചിന്തിക്കുവാൻ പോലുമാകാത്ത അനുഭവമായിരുന്നു. ഇപ്പോൾ അരുവിപ്പുറത്ത് പൂജാമുറിയായി ഉപയോഗിക്കുന്ന മുറിയിലാണ് ഗുരുദേവൻ വിശ്രമിച്ചിരുന്നത്. തൊട്ടടുത്ത മുറിയിലായിരുന്നു ഭൈരവൻ ശാന്തിയുടെ താമസം. ഗുരു തന്നെ വിട്ടുപോയെങ്കിൽ,​ പിന്നെയെന്തിന് ജീവിക്കണമെന്ന് ഭൈരവൻ സ്വാമികൾ ചിന്തിച്ചുനിൽക്കെ,​ മഹാഗുരുവിന്റെ മുറിയിൽ നിന്ന് ഒരു അശരീരി കേട്ടു: 'നാം എങ്ങും പോയിട്ടില്ലല്ലോ; ഇവിടെത്തന്നെയുണ്ടല്ലോ!"

ഗുരുവിന്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് ഗദ്യപ്രാർത്ഥനയിൽ അദ്ദേഹം പറഞ്ഞുവച്ചത്,​ 'നാം ശരീരമല്ല; അറിവാകുന്നു,​ ശരീരം ഉണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു; ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെ ഇരിക്കും" എന്നാണ്. അരുവിപ്പുറത്തെ ഗുരുവിന്റെ മുറിക്കു മുന്നിൽ ശ്രദ്ധയോടെ നിൽക്കുമ്പോൾ ഈ അനുഭവം നമുക്കും ഉണ്ടാവും. അതുകൊണ്ട്,​ ഓരോ ഗുരുഭക്തനും ഈ തിരുസന്നിധിയിൽ വരുമ്പോൾ ശുദ്ധഹൃദയരായി ഗുരുവിന്റെ ആ ദിവ്യവാണിക്കായി കാതോർക്കുക. നമ്മുടെ ജീവിതവും കൃതകൃത്യമാകും.


നെയ്യാറിന്റെ തീരത്തായിരിക്കണം തന്റെ സമാധിയെന്ന് ഭക്തരോട് അദ്ദേഹം പറഞ്ഞിരുന്നതനുസരിച്ച് അവിടെ സമാധിയിരുത്തുകയും,​ അന്നുമുതൽ വിളക്കു കത്തിച്ച് പ്രാർത്ഥിച്ചു വരികയും ചെയ്യുന്നു. 2014-ൽ രാജകുമാർ ഉണ്ണി എന്ന ഗുരുഭക്തൻ ശിവലിംഗാകൃതിയിൽ നിർമ്മിച്ചു സമർപ്പിച്ച സമാധി മന്ദിരത്തിൽ ഇന്നും മുടങ്ങാതെ പ്രാർത്ഥനയും പൂജയും നടന്നുവരുന്നു. അരുവിപ്പുറം ദർശിക്കാനെത്തുന്ന ഭക്തർ ഇവിടവും ദർശിച്ച് മടങ്ങുന്നത് ഉത്തമമായിരിക്കും.


ഈ മഹാത്മാവിന്റെ സമാധിക്കു ശേഷം നടത്തേണ്ടതായ യതിപൂജ നടത്താൻ സാധിച്ചില്ല. സാധാരണ സന്യാസിമാർ,​ സിദ്ധന്മാർ,​ ജ്ഞാനികൾ എന്നിവർ സമാധിയായാൽ 41-ാം ദിവസം മറ്റുള്ള ആശ്രമങ്ങളിൽ നിന്നുള്ള സന്യാസിമാരെ ക്ഷണിച്ചു വരുത്തി അവരുടെ പാദപൂജ ചെയ്ത് വസ്തുക്കളും ഭക്ഷണവും നൽകി സംതൃപ്തരാക്കുന്ന ചടങ്ങാണ് യതിപൂജ. ഇന്ന് ഭൈരവൻ ശാന്തി സ്വാമികളുടെ 86-ാം സമാധി ദിനമാണ്. ഇന്നത്തെ യതിപൂജയിലും സമ്മേളനത്തിലും ഗുരുഭക്തർ പങ്കെടുത്ത് ജീവിതം ധന്യമാക്കുക. അരുവിപ്പുറം ക്ഷേത്രത്തിലേക്കും ഈ പുണ്യ കർമ്മത്തിലേക്കും സ്വാഗതം.