a

ന്യൂഡൽഹി: വർഷം 1957. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അമേരിക്കയിലേക്കുള്ള യാത്രാവഴി സിറിയൻ തലസ്ഥാനമായ ഡെമാസ്കസിലിറങ്ങി. സിറയയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉജ്വല വരവേല്പാണ് ലഭിച്ചത്. നെഹ്റുവിന്റെ അപ്രതീക്ഷിത സന്ദർശനത്തിന്റെ ഓർമ്മയ്ക്ക് ഡെമാസ്കസിലെ ഉമൈദ് സ്ക്വയറിനെ നെഹ്റു സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്താണ് അന്നത്തെ സർക്കാർ ബന്ധം ഊട്ടിയുറപ്പിച്ചത്.

1950ൽ തുടങ്ങിയതാണ് ഇന്ത്യ-സിറിയ നയതന്ത്ര ബന്ധം. അന്നുമുതലിങ്ങോട്ട് ബാഷർ ഒളിച്ചോടും വരെ ഊഷ്മള ബന്ധം തുടർന്നു. ഇനിവരുന്ന റെബൽ ഭരണകൂടം അത് എങ്ങനെ മന്നോട്ടു കൊണ്ടുപോകുമെന്ന് കണ്ടറിയണം. പ്രത്യേകിച്ച്, ഐസിസ് ഉൾപ്പെടെ തീവ്ര മതസംഘടനകൾ വീണ്ടും ആധിപത്യം നേടാൻ സാദ്ധ്യത തെളിയുമ്പോൾ.

കാശ്മീർ വിഷയത്തിലുൾപ്പെടെ ഹഫീസ് അസദും മകൻ ബാഷറും ഇന്ത്യയ്ക്കൊപ്പമാണ് നിന്നത്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന നിലപാട് സിറിയ സ്വീകരിച്ചു. ചുറ്റുമുള്ള പല മുസ്ളിം രാഷ്ട്രങ്ങളും പാകിസ്ഥാനോട് ചായ്‌വ് പ്രകടിപ്പിച്ചപ്പോഴാണിത്. കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 മോദി സർക്കാർ റദ്ദാക്കിയപ്പോഴും ബാഷർ പരസ്യമായി ഇന്ത്യയെ പിന്തുണച്ചു. എല്ലാ രാജ്യത്തിനും അവരുടെ മണ്ണിനെയും ജനത്തെയും സംരക്ഷിക്കാൻ അധികാരമുണ്ട്. ഇന്ത്യയും അതാണ് ചെയ്തത്. ഞങ്ങൾ എന്നും ഇന്ത്യയ്ക്കൊപ്പമെന്നായിരുന്നു സിറിയയുടെ ഔദ്യോഗിക പ്രതികരണം.

ഐസിസ് സിറിയയുടെ നിയന്ത്രണം പിടിച്ചെടുത്ത വേളയിൽ, സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങളുടെ ഇടപടെൽ വേണമെന്ന് യു.എന്നിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരയുദ്ധം സിറിയയെ വർഷങ്ങളായി അസ്ഥിരപ്പെടുത്തിയപ്പോഴും ഡെമാസ്കസിലെ എംബസി ഇന്ത്യ നിലനിറുത്തി. ഇസ്രയേൽ അധീനതയിലുള്ള ഗൊലാൻ കുന്നിനുമേൽ സിറിയയുടെ അവകാശവാദത്തെയും ഇന്ത്യ പിന്തുണച്ചു.

സാമ്പത്തിക സഹകരണം

സിറിയയുമായി മികച്ച സാമ്പത്തിക, സാംസ്കാരിക ബന്ധം ഇന്ത്യയ്ക്കുണ്ട്. 2003ൽ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സിറിയൻ സന്ദർശനത്തിൽ ബയോടെക്നോളജി, ചെറുകിട വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ കരാറുകൾ ഒപ്പിട്ടു. 2500 കോടി രൂപയുടെ അടിയന്തര സഹായവും ഇന്ത്യ അന്ന് പ്രഖ്യാപിച്ചു.

2008ൽ ബാഷ‌ർ ഇന്ത്യയിലെത്തിയപ്പോൾ കാർഷിക മേഖലയിലെ സഹകരണത്തിനാണ് കരാറായത്. സിറിയക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് ഡെമാസ്കസിൽ ഐ.ടി സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കാൻ ഇന്ത്യ സന്നദ്ധതയറിയിച്ചു. കഴിഞ്ഞ വർഷം, അന്നത്തെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയ സന്ദർശിച്ചിരുന്നു. വസ്ത്രം, മരുന്ന്, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇന്ത്യ സറിയയിലേക്ക് കയറ്റി അയയ്ക്കുന്നത്. റോക്ക് ഫോസ്ഫേറ്റും കോട്ടനും അവിടന്ന് ഇറക്കുമതി ചെയ്യുന്നു.

ക്യാപ്ഷൻ

1957ലെ സിറിയ സന്ദർശനത്തിൽ ജവഹർലാൽ നെഹ്റു പ്രസിഡന്റ് അൽ ഹുറാനിക്കൊപ്പം