
 75 ഐസിസ് കേന്ദ്രങ്ങൾ തകർത്ത് യു. എസ്
ഡെമാസ്‌കസ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ പതനത്തിന് പിന്നാലെ ഐസിസ് ഉൾപ്പെടെ അവിടെയുള്ള ഭീകര ഗ്രൂപ്പുകൾക്കു നേരെ ഇസ്രയേലും യു.എസും ശക്തമായ വ്യോമാക്രമണം നടത്തി. സൈന്യത്തിന്റെ തകർച്ച മുതലെടുത്ത്
രാസായുധങ്ങളും മിസൈലുകളും ഐസിസ് കൈയടക്കുന്നത് തടയാനാണ് ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
അതിനിടെ, അടുത്ത ലക്ഷ്യം ഇറാനാണെന്ന്
ബാഷറിനെ പുറത്താക്കുന്നതിന് നേതൃത്വം നൽകിയ വിമത തലവൻ അൽ ഗൊലാനി പ്രഖ്യാപിച്ചു.
ഇസ്രയേൽ, യു.എസ് പിന്തുണയാണ് ഗൊലാനിയുടെ ലക്ഷ്യം.
പിന്നാലെ, ഗൊലാനി തലവനായുള്ള വിമതപ്പടയായ തഹ്‌രിർ അൽ-ഷാമിനെ (എച്ച്.ടി.എസ്) ബന്ധപ്പെടാൻ യു.എസ് ശ്രമം തുടങ്ങി.എച്ച്.ടി.എസിന്റെ ഭീകര സംഘടനയെന്ന ലേബൽ പുനഃപരിശോധിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി.
സിറിയയിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയ അയൽരാജ്യമായ ഇസ്രയേൽ അതിർത്തിയിലെ ബഫർ സോൺ പിടിച്ചെടുത്തു. ഡമാസ്കസിലടക്കം സിറിയൻ ആയുധ കേന്ദ്രങ്ങളിലും മിലിട്ടറി ബേസുകളിലും ബോംബിട്ടു.
75 ഐസിസ് കേന്ദ്രങ്ങളാണ് യു.എസ് വ്യോമാക്രമണങ്ങളിൽ തകർത്തത്.
 റഷ്യയിൽ അഭയം ലഭിച്ച അസദും കുടുംബവും രഹസ്യ കേന്ദ്രത്തിലാണ്. തുർക്കിയിലുള്ള സിറിയൻ അഭയാർത്ഥികൾ ജന്മനാട്ടിലേക്ക് മടങ്ങിത്തുടങ്ങി. റഷ്യയുടെ അഭ്യർത്ഥന പ്രകാരം സിറിയൻ വിഷയം ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേരും.
ഗൊലാനിയുടെ ലക്ഷ്യം
യു.എസ് അംഗീകാരം
# എച്ച്.ടി.എസിന് ഇപ്പോൾ ഭീകരബന്ധമില്ലെന്ന് തലവൻ അബു മുഹമ്മദ് അൽ ഗൊലാനി.രാഷ്ട്രീയക്കാരനെന്ന പ്രതിച്ഛായയും അതുവഴി അന്താരാഷ്ട്ര പിന്തുണയും ലക്ഷ്യം
# സർക്കാരിന്റെ രാസായുധങ്ങൾ ദുരുപയോഗിക്കില്ല. സൈനിക കേന്ദ്രങ്ങൾ തെറ്റായ കൈകളിലെത്തില്ല.സിറിയയിലെ ആയുധ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിന് അന്താരാഷ്ട്ര സഹകരണത്തിന് തയ്യാറെന്നും ഗൊലാനി
# ഇറാന്റെ ഇടപെടൽ ഇനി അനുവദിക്കില്ലെന്നും
ഇസ്രയേലിനെയും യു.എസ് ബേസുകളെയും ആക്രമിക്കാനുള്ള ഹബ്ബാക്കി സിറിയയെ ഇറാൻ മാറ്റിയെന്നും വിർമശനം.
# ഡമാസ്കസിലെ ഉമായാദ് പള്ളിയിൽ വച്ച് ജൊലാനി നടത്തിയ വിജയ പ്രസംഗത്തിന് വൻ ജനപിന്തുണ. അഹ്‌മ്മദ് ഷറാ എന്ന യഥാർത്ഥ പേര് ഉപയോഗിക്കുന്നു. പാശ്ചാത്യ രീതിയിലേക്ക് വസ്ത്രധാരണം മാറ്റി
വിമതർ വിഭാഗങ്ങൾ
ഏറ്റുമുട്ടാൻ സാദ്ധ്യത
തുർക്കി പിന്തുണയ്ക്കുന്ന സിറിയൻ നാഷണൽ ആർമി, അമേരിക്കൻ പിന്തുണയുള്ള കുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്, ഐസിസ്, ഷിയ സായുധ വിഭാഗങ്ങൾ എന്നിവയ്ക്കിടയിൽ ഭിന്നതയ്ക്ക് സാദ്ധ്യത. പരസ്പരമുള്ള ഏറ്റുമുട്ടലിലെത്തിയേക്കും.
ഭൂഗർഭ തടവറകൾ
തുറക്കാൻ ജനം
സിറിയയിൽ ഇന്നലെയും ജനം തെരുവിലായിരുന്നു. എതിരാളികളെ അടിച്ചമർത്താൻ അസദ് സർക്കാർ ഉപയോഗിച്ച രഹസ്യ ജയിലുകളും ഭൂഗർഭ തടവറകളും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ജനക്കൂട്ടം. തടവറകളിൽ ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷിക്കുകയാണ് ലക്ഷ്യം. രഹസ്യ ജയിലുകളെ പറ്റി വിവരം നൽകുന്നവർക്ക് സിവിൽ ഡിഫൻസ് ഗ്രൂപ്പായ വൈറ്റ് ഹെൽമെറ്റ്സ് 3,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.