
പലിശ കുറയാൻ സാഹചര്യമൊരുങ്ങും
കൊച്ചി: സാമ്പത്തിക മേഖലയിലെ മെല്ലെപ്പോക്കും അപകടകരമായി ഉയരുന്ന നാണയപ്പെരുപ്പവും നേരിടുകയാണ് റിസർവ് ബാങ്ക് ഗവർണറായി നാളെ ചുമതല ഏറ്റെടുക്കുന്ന സഞ്ജയ് മൽഹോത്രയുടെ മുന്നിലെ പ്രധാന വെല്ലുവിളി. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജി.ഡി.പി വളർച്ച 5.4 ശതമാനമായി താഴ്ന്നതിനൊപ്പം ഒക്ടോബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയർന്നതാണ് റിസർവ് ബാങ്കിനെ മുൾമുനയിലാക്കുന്നത്.
പലിശ നിരക്ക് ഉയർന്ന തലത്തിൽ തുടരുന്നതാണ് ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമനും പീയുഷ് ഗോയലും പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് ഡിസംബർ ആദ്യവാരം നടന്ന ധന അവലോകന നയത്തിലും പലിശ നിരക്ക് കുറയ്ക്കാൻ നിലവിലെ ഗവർണറായ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ നയരൂപീകരണ സമിതി തയ്യാറായില്ല. ശക്തികാന്ത ദാസിന് ഒരവസരം കൂടി ലഭിക്കുന്നതിന് തടസമായതും ഈ നിലപാടാണെന്നും വിലയിരുത്തുന്നു.
നീണ്ട 33 വർഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികൾ വഹിച്ച സഞ്‌ജയ് മൽഹാേത്രയെ ഒരു കരിയർ ബ്യൂറോക്രാറ്റായാണ് വിലയിരുത്തുന്നത്. ഉൗർജ, ധനകാര്യ, വ്യവസായ, നികുതി മേഖലകളിൽ പ്രവർത്തന പരിചയമുള്ള മൽഹോത്ര സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിന് പുതിയ മാർഗങ്ങൾ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.