mvd

തിരുവനന്തപുരം: കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാമെന്നാണ് പുതിയ നിബന്ധന. ഈ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിലെ 13 ആര്‍ടിഒകളില്‍ തിരക്ക് കൂടും. അതില്‍ തന്നെ ലോട്ടറിയടിച്ചുവെന്ന് പറയാന്‍ കഴിയുക KL-01, KL-07 എന്നീ രജിസ്േ്രടഷനില്‍ ആരംഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ആര്‍ടിഒകള്‍ക്കാണ്. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഈ രണ്ട് ആര്‍ടിഒകളിലാണ്.

കേരളത്തില്‍ DA( ഡി.എ) സീരീസില്‍ രജിസ്‌ട്രേഷന്‍ എത്തിയിട്ടുള്ളത് തിരുവനന്തപുരത്തും, കൊച്ചിയിലും മാത്രമാണ്. അതുകൊണ്ട് തന്നെ ഏറ്റവും പുതിയ സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ രണ്ട് ആര്‍ടിഒകളെ തിരഞ്ഞെടുക്കും. അപ്പോള്‍ ഫാന്‍സി നമ്പറുകള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ എത്തുന്നത് ഇവിടങ്ങളിലാകും. നേരത്തെ ആര്‍ടിഒ പരിധിയില്‍ മേല്‍വിലാസമുള്ളവര്‍ മാത്രമാണ് ഒരു നമ്പറിന് വേണ്ടി ലേലത്തിനെത്തുകയെങ്കില്‍ ഇനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തും. ഇത് ആര്‍ടിഒയുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമാകും.

അതുപോലെ തന്നെ എല്ലാ ജില്ലകളുടേയും ക്രമ നമ്പര്‍ അനുസരിച്ച് തിരുവനന്തപുരം KL-01, കൊല്ലം KL-02 തുടങ്ങി കാസര്‍കോടിന് KL-14 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നത്. ഇതില്‍ തന്നെ തിരുവനന്തപുരം നഗരത്തില്‍ രണ്ട് ആര്‍ടിഒകളാണ് ഉള്ളത്. KL-01ന് പുറമേ KL-22 (കഴക്കൂട്ടം) ആര്‍ടിഒയും നഗരപരിധിയില്‍ ഉള്‍പ്പെടുന്നു. കഴക്കൂട്ടം ആര്‍ടിഒക്ക് കീഴിലുള്ള ഒരാള്‍ക്ക് 01 സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ മുമ്പ് കഴിയുമായിരുന്നില്ല. സമാനമായി തന്നെ നഗരത്തിന് പുറത്തുള്ള ആര്‍ടിഒകള്‍ക്ക് കീഴില്‍ വരുന്നവര്‍ക്കും കെഎല്‍-01 സീരീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.

അതുപോലെ തന്നെ വിവിധ ജില്ലകളിലെ കാര്യം പരിശോധിച്ചാലും ജില്ലയുടെ ക്രമ നമ്പറില്‍ തുടങ്ങുന്ന ആര്‍ടിഒകളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരുടെ എണ്ണം കൂടാനും സാദ്ധ്യതയുണ്ട്. പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ്വെയറിലും മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. മുന്‍പ് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.

പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും. സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുന്‍പും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇനിമുതല്‍ ഒഴിവാക്കപ്പെടുകയാണ്.