rbi

മുംബയ്: ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളത് ഇന്ന് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. അക്കൗണ്ട് ഓപ്പണിംഗ് പ്രക്രിയ കൂടുതല്‍ എളുപ്പമായതോടെയാണ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണവും അതിനൊത്ത് വര്‍ദ്ധിച്ചത്. എന്നാല്‍ ഒന്നിലധികമോ രണ്ടില്‍ കൂടുതലോ അക്കൗണ്ടുകള്‍ ഉള്ളവരില്‍ നല്ലൊരു ഭാഗവും ഇടപാടുകള്‍ നടത്താന്‍ ഒരു അക്കൗണ്ട് മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തരഹിതമോ മരവിച്ചതോ ആയ അക്കൗണ്ടുകളുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ എണ്ണം എത്രയും വേഗം കുറയ്ക്കണം എന്നാണ് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, വിഡിയേ കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ എന്നീ പ്രക്രിയകളില്‍ ഏതെങ്കിലും ഉപയോഗിച്ച് കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആര്‍ബിഐ നിര്‍ദേശിക്കുന്നത്. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്ത നിരവധി ബാങ്ക് അക്കൗണ്ടുകള്‍ രാജ്യത്താകമാനം നിലനില്‍ക്കുന്നുണ്ടെന്നാണ് ആര്‍ബിഐ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സ്‌കീമുകളില്‍നിന്ന് നേട്ടം ലഭിക്കുന്ന അക്കൗണ്ടുകളുടെ ഉടമകളോട് സഹാനുഭൂതിയോടെയുള്ള സമീപനം സ്വീകരിക്കണം. അക്കൗണ്ടുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൂപ്പര്‍വിഷന്‍ നടത്തിയ പരിശോധനയില്‍ ചില ബാങ്കുകളില്‍ പ്രവര്‍ത്തന രഹിതമായതും മരവിപ്പിച്ചതും അവകാശികളില്ലാത്ത നിക്ഷേപമുള്ളതുമായ അക്കൗണ്ടുകള്‍ വലിയ തോതില്‍ കൂടുന്നതായി കണ്ടെത്തിയിരുന്നു.

ചില ബാങ്ക് ശാഖകളില്‍ അക്കൗണ്ട് ആക്ടീവാക്കി മാറ്റുന്നതിനെത്തുന്ന ഉപഭോക്താക്കള്‍ക്ക് അസൗകര്യങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പേരുകളിലും മറ്റ് വിവരങ്ങളിലും വ്യത്യാസമുണ്ടാകുന്നതാണ് പ്രധാന പ്രതിസന്ധി. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടിയും പുരോഗതിയും മൂന്ന് മാസം കൂടുമ്പോള്‍ ദക്ഷ് പോര്‍ട്ടല്‍ വഴി റിപ്പോര്‍ട്ട് ചെയ്യാനും ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.