
മലപ്പുറം: സമസ്ത-മുസ്‌ലിം ലീഗ് സമവായ ചർച്ച സമസ്തയിലെ ലീഗ് വിരുദ്ധർ ബഹിഷ്‌ക്കരിച്ചതോടെ, മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം പാളി. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സമസ്തയിലെ ലീഗ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായും തടയിടുകയെന്ന ലീഗിന്റെ ലക്ഷ്യം എളുപ്പമാവില്ല.
ഇന്നലെ വൈകിട്ട് മൂന്നിന് മലപ്പുറത്തെ സ്വകാര്യ ഹോട്ടലിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഷജറകളെന്ന് അറിയപ്പെടുന്ന ലീഗ് വിരുദ്ധർ പങ്കെടുത്തില്ല. ലീഗ് അനുകൂല നിലപാടുകാർ പങ്കെടുത്തു. ഷജറകൾക്കെതിരെ പരാതി സമസ്ത നേതൃത്വത്തിന് രേഖാമൂലം നൽകിയതായി ലീഗനുകൂലികൾ പറഞ്ഞു.പാണക്കാട് കുടുംബത്തിനെതിരായ സമസ്തയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾ പ്രതിരോധിക്കാൻ സമസ്തയിലെ ലീഗനുകൂലികൾ 'സമസ്ത ആദർശ സംരക്ഷണ സമിതി' രൂപീകരിച്ചിരുന്നു. ഇത് സമസ്തയുടെ പിളർപ്പിന് വഴിവയ്ക്കുമോയെന്ന ആശങ്ക സൃഷ്ടിച്ചതോടെയാണ് സമവായ ചർച്ച സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജോയിന്റ് സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി.ഉമർ മുസ്‌ലിയാർ കൊയ്യോട് എന്നിവരുൾപ്പെട്ട അഞ്ചംഗ സമിതി രൂപീകരിച്ചാണ് സമവായ ചർച്ചയ്ക്ക് വിളിച്ചത്. ഇരുപക്ഷത്ത് നിന്നും പത്തുവീതം നേതാക്കളെ ക്ഷണിച്ചു. ഒരു വിഭാഗം പങ്കെടുക്കാത്തതിനാൽ ചർച്ച ഒരു മണിക്കൂറിൽ അവസാനിപ്പിച്ചു. നാളെ കോഴിക്കോട് നടക്കുന്ന സമസ്ത മുശാവറ യോഗത്തിന് ശേഷം മതി ലീഗ് നേതൃത്വവുമായുള്ള ചർച്ചയെന്നാണ് ലീഗ് വിരുദ്ധരുടെ നിലപാട്.തെറ്റിദ്ധാരണകൾ മാറ്റാനാണ് യോഗം വിളിച്ചതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അഭിപ്രായ വ്യത്യാസം പറഞ്ഞ് തീർക്കുമെന്ന് സാദിഖലി തങ്ങളും പറഞ്ഞു.