mamata

കൊൽക്കത്ത: ബംഗാളിൽ ഗവർണർ - മുഖ്യമന്ത്രി സംഘർഷത്തിന് മഞ്ഞുരുകുന്നു. ഒരിടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ സി.വി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി.

ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ - ഗവർണർ ബന്ധത്തിൽ ‘പുതിയ ആകാശവും പുതിയഭൂമിയും ’ എന്ന ആനന്ദബോസിന്റെ പ്രസ്താവം യാഥാർഥ്യമാകുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയിൽ പ്രതിഫലിക്കുന്നത്.

ഗവർണർ-സർക്കാർ ഏറ്റുമുട്ടലുകൾക്ക് വഴിതുറന്ന സർവകലാശാല വി.സി നിയമന വിവാദത്തിന് വിരാമമിട്ട് ആറു സർവകലാശാലകളിലേക്ക് സമവായത്തോടെ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിശാലതാല്പര്യങ്ങൾക്ക് സംഘർഷാന്തരീക്ഷം വിഘാതമാവുമെന്നതിന്റെ അടിസ്ഥാനത്തിലാവാം ഗവർണറുടെ ക്ഷണം സ്വീകരിച്ച് മമത ഉപഹാരങ്ങളുമായി വീണ്ടും രാജ്ഭവന്റെ പടികയറിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.