pan-card

പുത്തന്‍ മാറ്റങ്ങളോടെയുള്ള പാന്‍ കാര്‍ഡുകളാണ് ബിസിനസ് ലോകത്ത് ചര്‍ച്ചാ വിഷയം. ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള നവീകരിച്ച പുത്തന്‍ പാന്‍ കാര്‍ഡ് നിലവില്‍ വന്നതോടെ പലര്‍ക്കും ആശങ്കയുള്ളത് ഒരു കാര്യത്തിലാണ്. ക്യൂ ആര്‍ കോഡ് ഇല്ലാത്ത പഴയ കാര്‍ഡുകള്‍ക്ക് ഇനി സാധുതയുണ്ടാകുമോയെന്നതാണ് പലരുടേയും മനസ്സിലെ ആശങ്ക. പഴയ കാര്‍ഡ് ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്നതാണ് പ്രധാനമായും ഇത്തരത്തിലൊരു സംശയത്തിന് കാരണവും.

പുതിയതായി വീണ്ടും പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടി വരുമോ എന്നതും ഒരു പ്രധാനപ്പെട്ട സംശയമാണ്. എന്നാല്‍ നിലവില്‍ പഴയ മോഡല്‍ (ക്യൂ ആര്‍ കോഡ് ഇല്ലാത്തത്) പാന്‍ കാര്‍ഡ് ഉള്ളവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. പഴയ കാര്‍ഡ് അസാധുവാകുകയുമില്ല. വാണിജ്യ സംബന്ധമായ ഇടപാടുകള്‍ക്കുമുള്ള ഒരു 'പൊതു ഐഡന്റിഫയര്‍' എന്ന നിലയ്ക്കാണ് പാന്‍ 2.0 അവതരിപ്പിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്താമാക്കിക്കഴിഞ്ഞു.

ടാക്സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. നികുതിദായകരുടെ രജിസ്ട്രേഷന്‍ സേവനങ്ങളുടെ ബിസിനസ് പ്രക്രിയകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഇ-ഗവേണന്‍സ് പ്രോജക്റ്റാണ് ഇത്. 2017- 2018 മുതല്‍ ഇറക്കിയ പാന്‍ കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് നല്‍കിയിരുന്നുവെങ്കിലും, നവീകരണത്തില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ക്യൂആര്‍ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജനനത്തീയതി എന്നിവ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടാകും. പഴയ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരമുണ്ടാകും.