mvd-

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റം വരുത്തുന്നു. ഇപ്പോൾ വാഹന ഉടമയുടെ മേൽവിലാസ പരിധിയിൽപെട്ട ഓഫീസിൽ മാത്രമാണ് രജിസ്‌ട്രേഷൻ.


രജിസ്‌ട്രേഷൻ ഓൺലൈനായതിനാൽ എവിടെ നിന്നു വാങ്ങുന്ന വാഹനവും വാഹന ഉടമയുടെ മേൽവിലാസ പരിധിയിലുള്ള ഓഫീസിൽ രജിസ്ട്രർ ചെയ്യാൻ അനുമതി ഇപ്പോഴുണ്ട്. ഉടമയുടെ സൗകര്യാർത്ഥം ഓഫീസ് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഭേദഗതിയിലൂടെ നൽകുന്നത്. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നവർക്ക് സൗകര്യപ്രദമാണ് പുതിയ സംവിധാനം.

പഠനം നടത്താൻ കമ്മിറ്റി

രജിസ്ട്രഷൻ ചട്ടങ്ങളിലെ മാറ്റം കേരളത്തിൽ എങ്ങനെ നടപ്പിലാക്കും. അതുണ്ടാക്കുന്ന പ്രയോജനം, പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് പഠിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു ഒരു കമ്മിറ്റിയെ നിയോഗിച്ചു. സോഫ്ട്‌വെയറിൽ മാറ്റം വരുത്തിയ ശേഷമേ നടപ്പിലാക്കാനാകൂ.

കെ.എൽ 01 ന് ഡിമാൻഡ് കൂടും

ഇപ്പോൾ കേന്ദ്രം ആലോചിക്കുന്ന രീതിയിൽ രജിസ്ട്രേഷൻ അനുവദിച്ചാൽ തിരുവനന്തപുരം ആർ.ടി.ഒാഫീസിനു കീഴിലുള്ള പ്രദേശങ്ങളിലെ വിലാസക്കാർക്ക് ലഭിക്കുന്ന കെ.എൽ 01 എന്ന രജിസ്ട്രേഷനായിരിക്കും തിരക്ക്. എറണാകുളം സീരിയസായ കെ.എൽ 07നും ഡിമാൻഡ് കൂടും.